ലേസർ രശ്മികൾ പൈലറ്റിന്റെ കാഴ്ച തടസ്സപ്പെടുത്തി; നിലത്തിറക്കാനാകാതെ ആകാശത്ത് വട്ടമിട്ട് വിമാനം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Reuters
പ്രതീകാത്മക ചിത്രം | Reuters

കൊൽക്കത്ത: പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതിനാൽ മലേഷ്യയിൽനിന്ന് കൊൽക്കത്തയിലേക്കെത്തിയ വിമാനം ലാൻഡ് ചെയ്യാൻ വൈകി. ലേസർ രശ്മികളുടെ സാന്നിധ്യം മൂലമാണ് പൈലറ്റിന്റെ കാഴ്ചയ്ക്ക് വ്യക്തതക്കുറവുണ്ടായത്. ക്വലാലംപുരിൽനിന്ന് കൊൽക്കത്തിയിലേക്ക് വന്ന എംഎച്ച്-184 എന്ന വിമാനത്തിനായിരുന്നു നിലത്തിറങ്ങാനാകാതെ ആകാശത്ത് വട്ടമിട്ട് പറക്കേണ്ടിവന്നത്. 11.20-ന് ഇറങ്ങേണ്ട വിമാനം 11.25-നാണ് ലാൻഡ് ചെയ്തത്. 

റൺവേയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ പതിക്കുന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. മധ്യംഗ്രാം-ബരാസത് മേഖലയിൽ നിന്നാണ് ലേസർ രശ്മികൾ വന്നത് എന്നാണ് പൈലറ്റ് റിപ്പോർട്ട് ചെയ്തത്. 159 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് വിമാനം അഞ്ച് മിനുട്ട് നേരം ആകാശത്ത് വട്ടമിട്ടുപറന്നു. പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തു.

സംഭവത്തിൽ കൊൽക്കത്ത വിമാനത്താവളം അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിമാനത്താവള പരിസരത്ത് ലേസർ ഉപയോഗത്തിന് നിരോധനമുണ്ട്, ഈ സംഭവത്തിന് പിന്നിലെ പ്രതികൾക്കെതിരേ തക്കതായ നടപടി സ്വീകരിക്കണമെന്ന് കൊൽക്കത്ത വിമാനത്താവളം ഡയറക്ടർ വിക്രം സിങ് പറഞ്ഞു.

ലേസർ രശ്മികൾ പൈലറ്റിന്റെ കാഴ്ച തടസ്സപ്പെടുത്തിയതിനാൽ ടേക്ക് ഓഫ്, ലാൻഡിങ് തടസ്സപ്പെട്ട സംഭവങ്ങൾ മുൻപും കൊൽക്കത്ത വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025-ലെ ദുർഗപൂജ ആഘോഷങ്ങൾക്കിടെയുണ്ടായ ലേസർ ലൈറ്റ് ഷോ വിമാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പരാതികളെ തുടർന്ന്  നിർത്തിവെച്ചിരുന്നു.

Content Highlights: Malaysia Airlines flight MH-184 from Kuala Lumpur faced a 5-minute landing delay in Kolkata., Laser beams from the Madhyamgram-Barasat area obstructed the pilot's vision 15 km away from the runway., The flight carrying 159 passengers landed safely after circling the airspace., Kolkata airport authorities filed a police complaint regarding the illegal use of lasers near the airport.