കൊൽക്കത്ത ദുർഗാ പൂജ ദുരന്തം; സംഘാടകരുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ, പരിക്കേറ്റവരെ സന്ദർശിച്ച് അമിത്ഷാ

#ന്യൂസ് ഡെസ്ക്
ഫോട്ടോ - പി.ടി.ഐ.
ഫോട്ടോ - പി.ടി.ഐ.

കൊൽക്കത്ത: പശ്ചിമബംഗാളിൽ ദുർഗാ പൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിക്കാനിടയായ സംഭവത്തിൽ പരിപാടിയുടെ സംഘാടകർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. ചോർ ബഗാൻ സർവജനീൻ ദുർഗോത്സവ് സമിതി സെക്രട്ടറി രാജ്കുമാർ സേവ്ദ എന്ന രാജ (48), വൈസ് പ്രസിഡന്റ് ശാന്തനു ദുബെ (55) എന്നിവരെ ഉൾപ്പെടെയാണ് അറസ്റ്റുചെയ്തത്. സംഭവത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപവത്കരിച്ച് അന്വേഷണത്തിന് നിർദേശിച്ചു.

പന്തലിൽ പരസ്യം പതിക്കുന്നതിനായി മുളകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തിയ ബിപ്ലവ് മുഖർജി എന്ന ജോയ് (48), ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും വി.ഐ.പി. പാസുകൾ പരിശോധിക്കുന്നതിനും ഉത്തരവാദികളായ കൗശിക് സാഹ (53), പിന്റു ഡേ (51), സുരക്ഷാ ചുമതലയുണ്ടായിരുന്ന സുമൻ ചക്രവർത്തി (30), രാജേഷ് പാൽ (29) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ചു. നിലവിൽ 19 പേരാണ് മരിച്ചത്. 25 പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൊൽക്കത്തയിലെ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം അദ്ദേഹം കാളിഘട്ട് കാളി ക്ഷേത്രവും സന്ദർശിച്ചു. അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രധാനമന്ത്രി സഹായവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അധികാരി അറിയിച്ചു.

Content Highlights: Seven office-bearers and organizers arrested in connection with the Kolkata Durga Puja stampede.