‘കോൺഗ്രസിന് കൂടുതൽ എം.പിമാരെ ലഭിക്കാൻ ഏഴ് ഉപാധികൾ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു

#ന്യൂസ് ഡെസ്ക്
കിരൺ റിജിജു | Photo: ANI
കിരൺ റിജിജു | Photo: ANI

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്‌സഭയിൽ കോൺഗ്രസിന് കൂടുതൽ എം.പിമാരെ ജയിപ്പിച്ചെടുക്കാൻ സഹായിക്കുന്ന ഏഴ് നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. രാഹുൽ കൂടുതൽ സമയം ഇന്ത്യയിൽ ചെലവഴിക്കുക, ഇന്ത്യ വിരുദ്ധരുടെ അജൻഡകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ നിർദേശങ്ങളിൽ പ്രധാനം. ബുധനാഴ്ച 'എക്സ്' പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് റിജിജു ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

രാഹുൽ അടിക്കടിയുള്ള വിദേശ വിനോദയാത്രകൾ ഒഴിവാക്കുക, മുതിർന്ന നേതാക്കളെ ബഹുമാനിക്കുകയും അവരുടെ അനുഭവസമ്പത്തിൽ നിന്ന് കാര്യങ്ങൾ പഠിക്കുകയും ചെയ്യുക, ഇന്ത്യ വിരുദ്ധരുടെ അജൻഡകൾ ഉയർത്തിക്കാട്ടുന്നത് അവസാനിപ്പിക്കുക, ബി.ജെ.പി, ആർ.എസ്.എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടുള്ള കടുത്ത വിദ്വേഷം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പിന്തുടരുകയാണെങ്കിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുമെന്ന് റിജിജു കുറിപ്പിൽ വ്യക്തമാക്കി.

ഇതിന് പുറമേ ബി.ജെ.പിയെ ഒരു ശത്രുവായി കാണുന്നതിന് പകരം രാഷ്‌ട്രീയ എതിരാളിയായി മാത്രം പരിഗണിക്കുക, പാർലമെന്റ് നടപടികളെ കൂടുതൽ ഗൗരവത്തോടെ കാണുകയും കോൺഗ്രസ് എം.പിമാർക്ക് ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാൻ അവസരം നൽകുകയും ചെയ്യുക, ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കുക, കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കുടുംബവാഴ്ച രാഷ്ട്രീയം അവസാനിപ്പിക്കുക എന്നിവയാണ് മറ്റ് നിർദേശങ്ങൾ.

പ്രധാനമന്ത്രിയുമായി പരസ്യസംവാദം വേണമെന്ന രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും ആവശ്യത്തെ പാർലമെന്ററി കാര്യ മന്ത്രി മുൻപും പലതവണ വിമർശിച്ചിട്ടുണ്ട്. സഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോകുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, പാർലമെന്റ് എന്നത് ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയാണെന്നും എന്നാൽ ജനാധിപത്യത്തിലും സംവാദങ്ങളിലും വിശ്വാസമില്ലാത്തവരാണ് ഇപ്പോൾ സംവാദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും റിജിജു കുറ്റപ്പെടുത്തി.

Content Highlights: Union Minister Kiren Rijiju shared seven key suggestions on social media for Congress leader Rahul Gandhi to improve the party's electoral prospects and parliamentary participation.