യോഗ, ആയുർവേദം, ധ്യാനം; ബംഗളൂരുവിൽ സുഖചികിത്സയ്ക്കെത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും

ചാള്‍സ് മൂന്നാമന്‍ രാജാവ്, കാമില | Photo: AFP
ചാള്‍സ് മൂന്നാമന്‍ രാജാവ്, കാമില | Photo: AFP

ബെംഗളൂരു: ബെംഗളൂരുവിലെ ആഡംബര സുഖചികിത്സാ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും ഭാര്യ കാമിലയും. രാജാവായതിന് ശേഷം ചാള്‍സ് ഇന്ത്യയിലേക്ക് നടത്തിയ ആദ്യ യാത്രയാണിത്. ഒക്ടോബര്‍ 27-നാണ് ബെംഗളൂരുവിലെ സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റ (എസ്.ഐ.എച്ച്.എച്ച്.സി.)റില്‍ ചാള്‍സും കാമിലയും എത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ യോഗത്തിനു ശേഷം ചാള്‍സും കാമിലയും സമോവയില്‍നിന്ന് നേരെ ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. നാലുദിവസമാണ് ഇവര്‍ ഇവിടെ ചെലവഴിച്ചത്.

ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങിയവ അടക്കമുള്ള സുഖചികിത്സകളാണ് ഇവിടെ ഇരുവർക്കും ലഭ്യമായത്. രാവിലെ യോഗയ്ക്ക് ശേഷം പ്രഭാതഭക്ഷണം. തുടര്‍ന്ന് സുഖചികിത്സ. ശേഷം ഉച്ചഭക്ഷണം. ഇതിന് പിന്നാലെ വിശ്രമം. വിവിധ തെറാപ്പികള്‍ക്ക് ശേഷം ധ്യാനം. അത്താഴത്തിന് ശേഷം ഒന്‍പത് മണിയോടെ ഉറക്കം എന്ന രീതിയാണ് ഇവിടെ ദമ്പതിമാര്‍ പിന്തുടര്‍ന്നത്.

സുഖചികിത്സയ്ക്കു ശേഷം ഒക്ടോബര്‍ മുപ്പതിന് മടങ്ങുംവിധമാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഇരുവരും പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. അര്‍ബുദബാധ തിരിച്ചറിഞ്ഞതിന് ശേഷം ചാള്‍സ് നടത്തിയ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്. 

ഇതാദ്യമായല്ല ചാള്‍സ് ഇവിടെ സന്ദര്‍ശനം നടത്തുന്നത്. മുന്‍പ് ഒന്‍പത് തവണ ഇവിടം സന്ദര്‍ശിച്ച ചാള്‍സ്, ഇവിടെ മൂന്നുതവണ ദീപാവലി ആഘോഷിക്കുകയും ചെയ്തിരുന്നു.

Content Highlights: king charles and camilla private visit to bengaluru