വഖഫ് ബോർഡിന്റെ നിയന്ത്രണം നീക്കണമെന്ന ആവശ്യം; ബോർഡും ഉമർ ഫൈസിയും നൽകിയ ഹർജി പരിഗണിക്കുക അടുത്തയാഴ്ച

ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതി അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കും. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡംഗം ഉമർ ഫൈസിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണമെന്നും ബോർഡും ഉമർ ഫൈസിയും കോടതിയിൽ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതി വിധി. വഖഫ് കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും തത്കാലം ബോർഡിന്റെ പ്രവർത്തനമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവോടെ വഖഫ് ബോർഡിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിലാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് കോടതിയിൽ ചൂണ്ടിക്കാട്ടി. നേരത്തേ സമാനയമായ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ സുപ്രീംകോടതി അത് സ്റ്റേ ചെയ്‌തെന്നും സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും വാദിച്ചു. തുടർന്നാണ് തിങ്കളോ ചൊവ്വയോ ഈ ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരേ ബി.ജെ.പി. നേതാവ് ഷോൺ ജോർജ് ഫയൽചെയ്ത പൊതുതാത്പര്യഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. 2025-ലെ നിയമഭേദഗതിപ്രകാരം മുസ്ലിങ്ങളല്ലാത്ത, കുറഞ്ഞത് രണ്ടംഗങ്ങൾ വഖഫ് ബോർഡിൽ വേണമെന്നാണ് വ്യവസ്ഥയെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിയമഭേദഗതിയനുസരിച്ചുള്ള വ്യവസ്ഥയനുസരിച്ച് രണ്ടംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് പിണറായി വിജയൻ സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയിരുന്നത്. മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ നാമനിർദേശംചെയ്യാൻ ഉത്തരവിടണമെന്നും ഷോൺ ജോർജ് ഹൈക്കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.