വിസി നിയമനം: മുൻഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കും, ഗവർണർ അത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

#ബി.ബാലഗോപാൽ/ മാതൃഭൂമി ന്യൂസ്‌
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: മാതൃഭൂമി
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: മാതൃഭൂമി

ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസിലർ നിയമനത്തിനുള്ള  പട്ടികയുടെ മുൻഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് സുപ്രീംകോടതി. മുഖ്യമന്ത്രി തയ്യാറാക്കുന്ന മുൻഗണനാക്രമം ചാൻസലർ ആയ ഗവർണർ പരിഗണിക്കണമെന്നാണ് ഉത്തരവ്. ഈ ഉത്തരവ് സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരവും ഗവർണർക്ക് തിരിച്ചടിയുമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.

സാങ്കേതിക സർവ്വകലാശാലയിയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സ്ഥിരം വിസി നിയമനത്തിനായി സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയുടെ പകർപ്പ്  ഇന്നാണ് പുറത്തുവന്നത്. വിധിയിൽ പറഞ്ഞിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ:

ജസ്റ്റിസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റി വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കണം. ഈ പട്ടിക ജസ്റ്റിസ് ദുലിയ മുഖ്യമന്ത്രിക്ക് കൈമാറണം. തുടർന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകൾ മുൻഗണനാക്രമത്തിൽ ഗവർണർക്ക് കൈമാറണം. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അത് ഫയലിൽ കുറിക്കാം. വിയോജിപ്പിന്റെ കാരണവും അതിനാധാരമായ രേഖകളും ചാൻസലറായ ഗവർണർക്ക് പട്ടികയ്ക്ക്ക്കൊപ്പം കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി കൈമാറുന്ന പട്ടികയിലെ മുൻഗണനാക്രമം കണക്കിലെടുത്തുവേണം ഗവർണർ വിസി നിയമനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി കൈമാറിയ പട്ടികയിലെ പേരുകളോടും മുൻഗണനാക്രമത്തിലും ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം ഫയലിൽ കുറിക്കാം. വിയോജിപ്പിനാധാരമായ രേഖകളും ചാൻസിലർ ഫയലിൽ വയ്ക്കണം.

സംസ്ഥാന സർക്കാരിനും ഗവർണർക്കും പാനലിലെ പേരുകളിൽ ഏകാഭിപ്രായം ഉണ്ടായില്ലെങ്കിൽ അക്കാര്യം സുപ്രീംകോടതി അറിയിക്കണം. തുടർന്ന് സുപ്രീംകോടതി ആയിരിക്കും വിസി നിയമനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസുമാരായ ജെ.ബി. പാർഡി വാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

Content Highlights: Supreme Court Empowers Chief Minister in Vice-Chancellor Appointments