വരുമാനം കൂട്ടി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ; തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ 300 കോടി ക്ലബിൽ

#പി.പി. ലിബീഷ് കുമാർ

പയ്യന്നൂർ: യാത്രാവരുമാനത്തിൽ കുതിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. 2025-26 സാമ്പത്തികവർഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ 300 കോടി ക്ലബിൽ ഇടംപിടിച്ചു. 319.21 കോടി രൂപയാണ് സ്റ്റേഷൻ നേടിയത്.

മുൻവർഷം 288.32 കോടി രൂപയായിരുന്നു. എറണാകുളം ജങ്‌ഷൻ 267.50 കോടി രൂപ നേടി. മുൻ വർഷത്തേക്കാൾ 17.55 കോടി രൂപയുടെ വർധന. കോഴിക്കോട് 28.51 കോടിരൂപ വർധിപ്പിച്ച് 218.63 കോടി രൂപയിലെത്തി. സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ സ്റ്റേഷനാണിത്.

ഏഴാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂർ 136.11 കോടി വരുമാനത്തിലൂടെ ആറാംസ്ഥാനത്തേക്ക് കയറി. 100 കോടി ക്ലബിൽ ഇടംപിടിച്ച ആലുവ 10-ാം സ്ഥാനത്തുനിന്ന് ഒൻപതിലേക്ക് കയറിയതായി പത്തനംതിട്ട സ്വദേശി നിഖിൽ എസ്.ആനന്ദിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.

ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത്, ഷൊർണൂർ ജങ്‌ഷൻ, കായംകുളം എന്നിവ 50 കോടി ക്ലബിൽ ഇടംപിടിച്ചു. കാസർകോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്.

2024-25 വർഷം ദേശീയപാതയിലെ പ്രവൃത്തിയും മണിക്കൂറുകളുടെ വൈകലും ചെറുദൂര യാത്രക്കാരെ തീവണ്ടിയോടടുപ്പിച്ചപ്പോൾ 2025-26 വർഷം ഗുണംചെയ്തത് തീവണ്ടികളുടെ സമയകൃത്യതയും സ്റ്റേഷനുകളുടെ വിപുലീകരണവുമാണ്. റിസർവ് യാത്രക്കാരുടെ വരുമാനത്തിനൊപ്പം അൺ റിസർവ്ഡ് യാത്രാ വരുമാനവും കൂടി. 2024-25 കണക്കുപ്രകാരം കേരളത്തിലെ രണ്ട്‌ വന്ദേഭാരതുകളുടെ വരുമാനം 163 കോടി രൂപയാണ്.

വരുമാനം (കോടിയിൽ): സ്റ്റേഷൻ - 2023-24 -2024-25 - 2025-26

തിരുവനന്തപുരം- 281.12 -288.32 -319.21

എറണാകുളം (ജം.)- 241.71 -249.95 - 267.50

കോഴിക്കോട് - 190 - 190.12 -218.63

തൃശ്ശൂർ -164.79 ,166.66 -195.44

എറണാകുളം ടൗൺ- 139.1 - 146.76 -164.93

കണ്ണൂർ - 121.62 - 123.74 -136.11

പാലക്കാട്- 119.35 -138.12 -132.11

കൊല്ലം - 103.01 - 108.99 - 120.85

ആലുവ- 83.20 - 85.85- 100.45

കോട്ടയം - 88.89 -87.55-89.53

Content Highlights: Thiruvananthapuram station enters the 300 crore club with 319.21 crore revenue., Ernakulam Junction and Kozhikode rank among the top earners in Kerala., Kannur and Aluva show significant growth in the 2025-26 fiscal year.