കേരളത്തിന്റെ റെയിൽവേ വിഹിതം 3,975 കോടി; ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ-റെയിൽവേ മന്ത്രി

#ന്യൂസ് ഡെസ്ക്ക്
അശ്വിനി വൈഷ്ണവ് | ഫോട്ടോ - എഎൻഐ
അശ്വിനി വൈഷ്ണവ് | ഫോട്ടോ - എഎൻഐ

ന്യൂഡൽഹി: കേരളത്തിനുള്ള റെയിൽവേ ബജറ്റ് വിഹിതമായി 3,975 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിനും നൽകിയ വിഹിതത്തെക്കുറിച്ച് പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിലും അതിവേഗ റെയിൽ പ്രഖ്യാപനമില്ല. 

കേരളത്തിൽ തിരുനാവായ-ഗുരുവായൂർ പുതിയ റെയിൽ പാത പ്രഖ്യാപിച്ചു. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി പാതയ്ക്കുള്ള നടപടികൾ പൂർത്തിയായതായും റെയിൽവേ മന്ത്രി വ്യക്തമാക്കുന്നു. മംഗലാപുരം-ഷൊർണൂർ നാലാംപാതയുടെ ഡിപിആർ ഉടൻ പൂർത്തിയാകും. 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-എറണാകുളം മൂന്നാംപാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാതയ്ക്കായുള്ള സർവേ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ കേരള സർക്കാരിന്റെ സജീവ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റെയിൽ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകും. സംസ്ഥാനത്ത് പണിയാനുദ്ദേശിക്കുന്ന 105 മേൽപ്പാലങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്. 

മെട്രോമാൻ ഇ. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഭാവിയിൽ ഹൈസ്പീഡ് റെയിൽവേ വരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kerala's Rail Boost: Rs 3,975 Crore Allocated