കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; ജാമ്യഹര്‍ജി എതിര്‍ത്ത് സര്‍ക്കാര്‍, വിധി നാളെ

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ 11 മണിയോടെ ജാമ്യാപേക്ഷയിലെ വിധി അറിയാന്‍ കഴിയും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജി എതിര്‍ത്തത്. കന്യാസ്ത്രീകള്‍ ജയിലിലായിട്ട് ഇന്നത്തോടെ എട്ട് ദിവസം പൂര്‍ത്തിയാകും. നാളെയും ജാമ്യം ലഭിക്കാത്ത പക്ഷം, വീണ്ടും രണ്ടുദിവസം കൂടി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയേണ്ടിവരും.
ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ കന്യാസ്ത്രീകള്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനാവൂ. അങ്ങനെയാണെങ്കില്‍ക്കൂടി, കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ്, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ഇതിനുശേഷം മാത്രമേ ജാമ്യം പരിഗണിക്കുകയുള്ളൂ.
കേന്ദ്രസര്‍ക്കാരും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയും സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പ്രോസിക്യൂഷന്റെ എതിര്‍പ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, സ്വാഭാവികമായ നടപടിക്രമമാണ് കോടതിയില്‍ നടന്നത് എന്നാണ്, ഈ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളിയായ അഭിഭാഷകന്‍ ഗോപകുമാര്‍ പ്രതികരിച്ചത്.
Content Highlights: kerala nuns arrested in chhattisgarh didnt get bail india news