'സസ്പെൻഷൻ കാലയളവിൽ ജോലി ചെയ്യാൻ നിർദേശം'; കേരള ഹൗസ് ആർ.സി.ക്കെതിരെ ഇടത് നേതാവിന്റെ ഹർജി

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
Photo: Mathrubhumi
Photo: Mathrubhumi

ന്യൂഡൽഹി: സസ്പെൻഷൻ കാലയളവിൽ ദിവസവും ഓഫീസിൽ എത്തി ഒപ്പിട്ട ശേഷം ജോലി ചെയ്യണമെന്ന ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശത്തിനെതിരെ ഹർജി. ഡൽഹി കേരള ഹൗസിലെ അസിസ്റ്റന്റ് ലൈസൺ ഓഫീസറും, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡൽഹിയിലെ കൺവീനറുമായ എ. ജയപ്രസാദ് ആണ് ഹർജി നൽകിയത്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിൽ ആണ് ഇടത് സംഘടന നേതാവ് ഹർജി നൽകിയത്. ഏഴ് ദിവസം അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജയപ്രസാദിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഏഴ് ദിവസത്തെ കാഷ്വൽ അവധിക്ക് അപേക്ഷ നൽകിയെങ്കിലും കാരണം ബോധിപ്പിക്കാതെ അത് നിഷേധിക്കുകയായിരുന്നു എന്ന് ട്രിബ്യുണലിൽ ഫയൽ ചെയ്ത ഹർജിയിൽ ജയപ്രസാദ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാൻസർ രോഗിയായ അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളും, സ്വന്തം ചികിത്സയും, ഭാര്യയുടെ ജോലി സംബന്ധ വിഷയങ്ങളും കാരണം കേരളത്തിൽ പോകേണ്ടത് അനിവാര്യമായിരുന്നു. മറ്റ് പോംവഴികൾ ഇല്ലാത്തതിനാലാണ് ഒരാഴ്ചത്തേക് നാട്ടിലേക്ക് പോയത് എന്നാണ് ജയപ്രസാദിന്റെ വിശദീകരണം. റസിഡന്റ് കമ്മീഷണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരുന്നതായും ജയപ്രസാദ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റസിഡന്റ് കമ്മീഷണറും ഇടത് സംഘടനകളും തമ്മിലുള്ള പോര് മുറുകുന്നു; അടുത്ത ഘട്ടം മെയ് നാലിന് ശേഷം

ഡൽഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറും ഇടത് തൊഴിലാളി സംഘടനകളും തമ്മിൽ ദീർഘകാലമായി കടുത്ത ശത്രുതയിലാണ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും, എൻ.ജി.ഒ. യൂണിയനും പുനീത് കുമാറിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

കേരള ഹൗസിലെ ജീവനക്കാർക്ക് റസിഡന്റ് കമ്മീഷണർ അവകാശപ്പെട്ട അവധികൾ അനുവദിക്കുന്നില്ലെന്നും, മാനസികമായി പീഡിപ്പിക്കുന്നു എന്നുമാണ് സംഘടനകളുടെ ആരോപണം. റംസാൻ പെരുന്നാളിന് നാട്ടിൽ പോകുന്നതിന് നൽകിയ അവധി അപേക്ഷകൾ പോലും നിരസിച്ചുവെന്നാണ് റസിഡന്റ് കമ്മീഷണർക്ക് എതിരായ പരാതി.

സെക്രട്ടറിയേറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ പിന്തുണ കാരണം പുനീത് കുമാറിന് അനുകൂലമായ തീരുമാനങ്ങൾ ആണ് ഉന്നതങ്ങളിൽ നിന്ന് ഉണ്ടായത് എന്നാണ് ജീവനക്കാരുടെ ആക്ഷേപം. ദീർഘകാലം അവധി എടുത്ത് വിദേശ രാജ്യങ്ങളിൽ കുടുംബത്തോടൊപ്പം കറങ്ങുന്ന ഉദ്യാഗസ്ഥൻ ആണ് തങ്ങൾക്ക് ന്യായമായ അവധി നിഷേധിക്കുന്നതെന്നും ഇടത് നേതാക്കൾ ആരോപിക്കുന്നു.

കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇടത് നേതാക്കൾക്കെതിരെ പുനീത് കുമാർ നടപടി എടുക്കുന്നതെന്നും സംഘടന നേതാക്കൾ പറയുന്നു. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരള ഹൗസിൽ റസിഡന്റ് കമ്മീഷണറും, ഇടത് സംഘടനകളും തമ്മിലുള്ള പോര് രൂക്ഷമാകും എന്നാണ് വിലയിരുത്തൽ.

Content Highlights: A. Jayaprakash challenges suspension order regarding mandatory office attendance. Claims casual leave was denied without justification during personal medical emergency. Escalating conflict between Resident Commissioner Puneet Kumar and Left-leaning employee unions. Allegations of harassment and denial of legitimate leave for employees. Anticipated legal and administrative tension following the May 4th developments.