കളമശേരി മെഡിക്കൽ കോളേജ് : താത്കാലികമായി പ്രവേശിച്ചവരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് ശരിവച്ചു
ന്യൂഡൽഹി : കളമശേരി സഹകരണ മെഡിക്കൽ കോളേജിൽ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും, 38 നഴ്സുമാരെയും സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ്. 2024 ഡിസംബർ 15 ന് ഇവരെ സർക്കാർ സർവ്വീസിൽ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. സീനിയോറിറ്റിക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിലും പെൻഷൻ കണക്കാക്കാൻ 2016 മുതൽ ഉള്ള ഇവരുടെ സർവീസ് കണക്കാക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
നാല് ആഴ്ചയ്ക്കുള്ളിൽ നിയമന ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസുമാരായ ബി.വി നാഗ രത്ന, എൻ.കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഇവരുടെ പെൻഷനായുള്ള സർവീസ് കാലയളവ് തസ്തികളിലേക്ക് സർക്കാർ വിജ്ഞാപനം ഇറക്കിയ 2016 ഏപ്രിൽ നാല് മുതൽ കണക്കാക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ സീനിയോറിറ്റി ഉൾപ്പടെയുള്ള മറ്റ് കാര്യങ്ങളിൽ മുൻകാല പ്രാബല്യത്തോടെ സർവ്വീസ് കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുൻകാല പ്രാബല്യത്തോടെ സീനിയോറിറ്റി അനുവദിക്കുന്നതിനെ പിഎസ്‌സി മുഖേനെ ജോലിയിൽ പ്രവേശിച്ചവർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് എതിർത്തു. താത്കാലികമായി ജോലിയിൽ പ്രവേശിച്ച നേർസുമാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും, അഭിഭാഷകൻ എ കാർത്തിക്കും ഡോക്ടറിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിംഗ് കോൺസൽ സി കെ ശശി എന്നിവർ ഹാജരായി.
Content Highlights: Supreme Court orders Kerala govt to make 39 temporary medical staff permanent by Dec 15, 2024