അധ്യാപകരുടെ ടെറ്റ് യോഗ്യത; ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി |ഫോട്ടോ:ANI
സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ 1-നുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് ഇളവുതേടി സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്കെതിരേ കേരളം ഉൾപ്പെടെ നൽകിയിരുന്ന പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു. അതേസമയം പരീക്ഷ പാസാകാനുള്ള സമയം രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി സുപ്രീംകോടതി ഉയർത്തിയിരുന്നു. ഈ വിധിയിൽ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ടാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വിദ്യാഭ്യാസവകുപ്പിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. ഫയൽ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഇവയാണ്. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ 1-നുമിടയിൽ സർവീസിൽ പ്രവേശിച്ച് തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31 വരെ ടെറ്റ് യോഗ്യത നേടാനുള്ള സാവകാശം നീട്ടിനൽകണം. നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസാകാൻ സാധിക്കാത്തപക്ഷം, അധ്യാപകരെ ജോലിയിൽനിന്ന് പെട്ടെന്ന് പിരിച്ചുവിടുന്നതിനുപകരം, സർവീസ് ആനുകൂല്യങ്ങളോടെയുള്ള നിർബന്ധിത വിരമിക്കൽ അനുവദിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2010 ഓഗസ്റ്റ് 23-ന് മുൻപ് നിയമിതരായ അധ്യാപകർക്ക് മൂന്നുവർഷത്തെ ഇളവനുവദിച്ചപ്പോൾ, അതിനുശേഷം നിയമനം ലഭിച്ച് 10 വർഷത്തിലേറെയായി സർവീസിലുള്ള പതിനായിരക്കണക്കിന് അധ്യാപകർക്ക് ഒരു സാവകാശവുമില്ലാതെ പെട്ടെന്ന് ജോലിനഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്നാണ് അപേക്ഷയിൽ വിശദീകരിച്ചിരിക്കുന്നത്. ഒരുപതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ പെട്ടെന്ന് പുറത്താക്കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനത്തെയും കുട്ടികളുടെ പഠനത്തെയും ഗുരുതരമായി ബാധിക്കുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജമ്മുകശ്മീരിലെ അധ്യാപകരുടെ കാര്യത്തിൽ സുപ്രീംകോടതി സമാനമായ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജമ്മുകശ്മീരിലെ അധ്യാപകർക്ക് നൽകിയ ഇളവ് കേരളത്തിലെ അധ്യാപകർക്കും നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.