മദ്യക്കുപ്പി ചില്ലാക്കാന്‍ കേരളം, ചില്ലൊഴിവാക്കാന്‍ ഗോവ, അവിടെയും 'ഡെപ്പോസിറ്റ്' വരും

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം/പനജി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി മദ്യം കുപ്പികള്‍ ഗ്ലാസുകളാക്കാനുള്ള നീക്കത്തിലാണ് കേരളം. 800 രൂപയ്ക്ക് മുകളിലുള്ള മദ്യ വില്‍പന ഇനി ചില്ല് (ഗ്ലാസ്) കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. അതേസമയം ചില്ല് കുപ്പികളിലെ മദ്യ വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് ഗോവ. 

കടല്‍ത്തീരങ്ങളില്‍ പൊട്ടിയ കുപ്പിയുടെ ചില്ലുകള്‍ തട്ടി വിനോദസഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുന്നത് സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് നടപടി. ബീച്ചുകള്‍ക്ക് സമീപമുള്ള മദ്യവില്‍പ്പ ശാലകളില്‍ ചില്ലുക്കുപ്പിയിലുള്ള മദ്യ വില്‍പ്പന നിരോധിച്ച് പകരം കാനുകള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു.

ബീച്ചുകളില്‍ പൊട്ടിയ കുപ്പിയുടെ ചില്ലുകള്‍ കാരണം വിനോദസഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുന്നുവെന്ന് പരാതിപ്പെട്ട ബിജെപി എംഎല്‍എ മൈക്കിള്‍ ലോബോ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീച്ചുകള്‍ക്ക് സമീപമുള്ള മദ്യശാലകളിലൂടെയുള്ള ചില്ലുമദ്യക്കുപ്പികളുടെ വില്‍പ്പന നിരോധിച്ച് പകരം കാനുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബീച്ചുകളില്‍ മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് 5,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാന്‍ നിലവിലുള്ള നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് ടൂറിസം മന്ത്രി രോഹന്‍ ഖൗണ്ടെ ഓര്‍മിപ്പിക്കുകയും ചെയ്തു.

കടല്‍ത്തീരത്ത് ചിതറിക്കിടക്കുന്ന കുപ്പിച്ചില്ലുകളുടെ പ്രശ്‌നവും അതുമൂലമുണ്ടാകുന്ന ശല്യങ്ങളും അടുത്തിടെ മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ ഉപഭോക്താവില്‍ നിന്ന് 'ഡെപ്പോസിറ്റ് ഫീസ്' ഈടാക്കുന്നത് നിര്‍ബന്ധമാക്കുന്ന ഒരു പദ്ധതി വിജ്ഞാപനം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ് സംസ്ഥാന പരിസ്ഥിതി വകുപ്പെന്നും, കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ തുക ഉപഭോക്താവിന് തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 'ഈ പദ്ധതി ഉടന്‍ വിജ്ഞാപനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.

സമാനമായ പദ്ധതി കേരളത്തിലും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി. മദ്യം വാങ്ങുമ്പോള്‍ 20 രൂപ അധികമായി ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ഈ കുപ്പി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ച് നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുക. മദ്യക്കുപ്പികള്‍ മൂലമുണ്ടാകുന്ന മാലിന്യം കുറയ്ക്കാനുള്ള നടപടിയാണ്. ക്ലീന്‍ കേരളം കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 

തമിഴ്നാട്ടിലെ മാതൃക പഠിച്ചിട്ടാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ബെവ്കോ, ക്ലീന്‍ കേരളം കമ്പനി, എക്സൈസ്, ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായി തമിഴ്നാടിന്റെ രീതി പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇതുപ്രകാരം വാങ്ങിയ ഔട്ട്ലെറ്റില്‍ തന്നെ കുപ്പി തിരികെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ കിട്ടൂ. ഭാവിയില്‍ ഏത് ഔട്ട്ലെറ്റില്‍ കൊടുത്താലും പണം തിരികെ കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Kerala promotes glass bottles for liquor- reduce plastic waste. Goa bans glass liquor bottles