'മോദിക്ക് ചുട്ടമറുപടി കൊടുക്കേണ്ടതല്ലേ, എന്തുകൊണ്ട് പ്രതികരിച്ചില്ല'; മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസ്

ന്യൂഡല്‍ഹി: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിനിടെ ഇന്ത്യ മുന്നണിയേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസ്. ഇന്ത്യ മുന്നണിക്കെതിരേ മോശമായി സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതിനെതിരേ കെ.സി. വേണുഗോപാല്‍ എം.പി രംഗത്തെത്തി. ഇന്ത്യ മുന്നണിയുടെ നെടുംതൂണാണ് മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ആ നെടുംതൂണ്‍ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചില്ലല്ലോ എന്ന് വേണുഗോപാല്‍ പരിഹസിച്ചു.
ഏറ്റവും പ്രധാനപ്പെട്ടൊരു വികസനവേദിയില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറയുമ്പോള്‍ അവിടെവെച്ചുതന്നെ ചുട്ടമറുപടി കൊടുക്കേണ്ടതല്ലേയെന്നും വേണുഗോപാല്‍ ചോദിച്ചു. മുഖ്യമന്ത്രിയല്ലേ. മുഖ്യമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും മൈക്ക് എടുക്കാമല്ലോ. അങ്ങേയറ്റം ആദരവോടു കൂടിത്തന്നെ പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിക്കാമല്ലോ. ഈ വേദി ഇതിന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്ന് പറയാമായിരുന്നല്ലോ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷകനെ നിശ്ചയിച്ചത് കേരള സര്‍ക്കാരാണ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് പ്രോട്ടോക്കോളുണ്ട്. വേദിയില്‍ ആര് ഇരിക്കണം ആര് ഇരിക്കരുത് തുടങ്ങിയ വിഷയത്തിലെ അവസാന തീരുമാനം പിഎംഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്) യുടേതാണ്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചിട്ടാണ് അവര്‍ അത് ചെയ്യുക. അപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗ പരിഭാഷകന്റെ കാര്യം പിഎംഒ ക്ലിയര്‍ ചെയ്തിരുന്നില്ലേ. പിഎംഒ ക്ലിയര്‍ ചെയ്യാതെ ആര്‍ക്കും പരിഭാഷ നടത്താന്‍ പറ്റില്ല. ഇനി പിഎംഒയുടെ അനുമതി ഇല്ലാതെയാണ് ആ പരിഭാഷ നടന്നിട്ടുണ്ടെങ്കില്‍ അത്, പിഎംഒയുടെ വലിയ വീഴ്ചയാണ്, വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പരിപാടി ബഹിഷ്‌കരിച്ചിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ എംപിയും എംഎല്‍എയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ പദവിയോടു കാണിച്ച അനാദരവിന് എതിരായിട്ടുള്ള, വി.ഡി. സതീശന്റെ പ്രതിഷേധത്തിന്റെ ഭാഗമായാണ് സതീശന്‍ വിട്ടുനിന്നത്. പാര്‍ട്ടിയില്‍ ആലോചിച്ചിട്ടുതന്നെയാണ് സതീശന്‍ അങ്ങനൊരു തീരുമാനം എടുത്തത്. ഇത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ്. അതേക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിന്നെ മിണ്ടില്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പദ്ധതി എന്ന നിലയ്ക്കാണ്, വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: kc venugopal criticises pinarayi vijayan vizhinjam international seaport inauguration narendra modi