ഒരുമിച്ച് പ്രഭാത ഭക്ഷണം; പിന്നാലെ പ്രഖ്യാപനം,'ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ല, ഭാവിയില്‍ ഉണ്ടാവുകയുമില്ല'

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി കസേരയ്ക്കായുള്ള തര്‍ക്കങ്ങള്‍ക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒന്നിച്ചെത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാര്‍ത്താമാധ്യമങ്ങളെ കണ്ടു. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
'പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങള്‍ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ.എസ്. ഇന്ന് ഞങ്ങളുടെ വീട്ടില്‍ വന്നു, എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല.' മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
'2028-ലെ തിരഞ്ഞെടുപ്പാണ് ഞങ്ങളുടെ അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രധാനമാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. 2028-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഒരുമിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല.' അദ്ദേഹം പറഞ്ഞു.
2026 മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ സിദ്ധരാമയ്യയില്‍ നിന്ന് ശിവകുമാറിലേക്ക് എത്രയും പെട്ടെന്ന് അധികാരകൈമാറ്റം നടക്കും എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ പുതിയ സംഭവത്തെ കാണുന്നത്. പ്രഭാതഭക്ഷണത്തിന് പിന്നാലെതന്നെ ഇരുനേതാക്കളും തങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രവും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
'ഞാന്‍ ഡി.കെ. ശിവകുമാറിനൊപ്പം പ്രഭാതഭക്ഷണം കഴിച്ചു.' എന്നാണ് സിദ്ധരാമയ്യ എക്സില്‍ കുറിച്ചത്. അതേസമയം, കൂടുതല്‍ സൂചന നല്‍കുന്ന ഒരു പോസ്റ്റാണ് ശിവകുമാര്‍ എക്‌സില്‍ പങ്കുവെച്ചത്. 'ഇന്ന് രാവിലെ കാവേരി വസതിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. പ്രഭാതഭക്ഷണം കഴിച്ചു. കര്‍ണാടകയുടെ മുന്‍ഗണനകളെക്കുറിച്ചും മുന്നോട്ടുള്ള വഴികളെക്കുറിച്ചും ഫലപ്രദമായ ചര്‍ച്ച നടത്തി.' ഡി.കെ.എസ്. കുറിച്ചു.
ಮಾನ್ಯ ಮುಖ್ಯಮಂತ್ರಿಗಳಾದ ಶ್ರೀ ಸಿದ್ದರಾಮಯ್ಯ ಅವರನ್ನು ಇಂದು ಅವರ ಕಾವೇರಿ ನಿವಾಸದಲ್ಲಿ ಭೇಟಿಯಾಗಿ ಉಪಾಹಾರ ಸಭೆ ನಡೆಸಲಾಯಿತು.
Met Hon’ble CM Shri @siddaramaiah avaru at Cauvery Residence this morning for a breakfast meeting. A productive discussion on Karnataka’s priorities and the road ahead. pic.twitter.com/qhe7q5RNvi— DK Shivakumar (@DKShivakumar) November 29, 2025
കര്‍ണാടകയിലെ പ്രഭാതഭക്ഷണത്തിന്റെ അടിസ്ഥാനവിഭവങ്ങളായ ഉപ്പുമാവും ഇഡ്ഡലിയും കേസരി ബാത്തും ആസ്വദിക്കുന്ന ഇരു നേതാക്കളുടെയും ഫോട്ടോ അണികള്‍ ഏറ്റെടുത്തുകഴിഞ്ഞു.
അധികാര കൈമാറ്റം നടക്കുന്നതുവരെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി തുടരുമെന്ന് കോൺഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയിൽ സിദ്ധരാമയ്യയെ പോലെയുള്ള ഒരു മുതിര്‍ന്ന നേതാവിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരസ്യപ്രകടനം നടത്താന്‍ പാര്‍ട്ടിയുടെ നേതൃത്വം അനുവദിക്കില്ല. അത്തരത്തിലൊരു നേതാവിനെ സ്ഥാനഭ്രഷ്ടനാക്കുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പുനഃസംഘടനയില്‍ അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുന്നത്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുന്നത്, മുഖ്യമന്ത്രിക്കെതിരെ ഒരു ശത്രുതാപരമായ നീക്കത്തിനുള്ള അംഗബലം ഇല്ലാത്തത് തുടങ്ങി നിരവധി കാരണങ്ങളാല്‍ സിദ്ധരാമയ്യയുടെ പിന്തുണയോടെയുള്ള അധികാര കൈമാറ്റത്തിന് ശിവകുമാര്‍ സമ്മതിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ശിവകുമാര്‍ ഇന്ന് വൈകുന്നേരം പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകും. നിലവില്‍ തന്റെ സ്ഥാനത്തിന് ഭീഷണിയില്ലാത്തതിനാല്‍ സിദ്ധരാമയ്യ കർണാടകത്തിൽ തന്നെ തങ്ങും. മുഖ്യമന്ത്രിയില്‍ എത്രത്തോളം വിശ്വാസമര്‍പ്പിക്കാന്‍ ശിവകുമാറിന് കഴിയും എന്നതുമുതല്‍, ഈ ക്രമീകരണങ്ങളെ അവരുടെ അണികള്‍ എങ്ങനെ സ്വീകരിക്കും എന്നതുവരെ പല കാര്യങ്ങളിലും ഈ അധികാര കൈമാറ്റം പരീക്ഷിക്കപ്പെടും.
#WATCH | Karnataka Chief Minister Siddaramaiah and Deputy CM DK Shivakumar hold a joint press conference in Bengaluru after the breakfast meeting pic.twitter.com/V9G4cY1rGT
— ANI (@ANI) November 29, 2025
Content Highlights: Karnataka CM Siddaramaiah and Dy CM DK Shivakumar hold a power breakfast to discuss the state`s future and a potential transition of power. Read more.