കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനുമുന്നിൽ 'Tr' എന്ന് ചേർക്കാം- പ്രഖ്യാപനവുമായി ഡി. കെ. ശിവകുമാർ

ബെംഗളൂരു: കർണാടകത്തിൽ ഇനി അധ്യാപകർക്ക് പേരിന് മുൻപായി 'Tr' ചേർക്കാം. ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ചേർക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. ശനിയാഴ്ച വിജയനഗര ജില്ലയിലെ കൂട്ലിഗിയിൽ നടന്ന അധ്യാപകദിന ചടങ്ങിൽ മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് തീരുമാനം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് ഇത്തരത്തിൽ പേരിന് മുന്നിൽ പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.
ഡോക്ടർമാർ അവരുടെ പേരിന് മുന്നിൽ 'Dr.' എന്നും പ്രൊഫസർമാർ പേരിന് മുന്നിൽ 'Prof.' എന്നും ചേർക്കുന്നതിന് സമാനമായി ടീച്ചർമാർക്കും തങ്ങളുടെ ഔദ്യോഗിക പദവി പേരിനൊപ്പം ചേർക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
അധ്യാപകരെ ബഹുമാനിക്കുന്ന ഒരു സമൂഹം യഥാർഥത്തിൽ അവരുടെ ഭാവിയെയാണ് ബഹുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവൻ നൽകുന്ന മാതാവും പഠിപ്പിക്കുന്ന അധ്യാപകനും ദൈവത്തെ പോലെയാണ്. ഓരോ കുട്ടികളെയും വഴിനടത്തുകയും തിരുത്തുകയും ചെയ്ത എല്ലാ അധ്യാപകരെയും കർണാടക സർക്കാർ ആദരവോടെ വണങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലാകെ ഒരു കോടിയിലധികം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇതിൽ ഏകദേശം 4.5 ലക്ഷത്തോളം അധ്യാപകർ കർണാടകയിലാണ് ഉള്ളത്. ഓരോ വ്യക്തിയെയും നല്ല രീതിയിൽ വളർത്തിയെടുത്ത് രാജ്യത്തെ പടുത്തുയർത്താൻ സഹായിക്കുന്ന അധ്യാപകർക്ക് പ്രത്യേക പദവി നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Karnataka becomes the first state in India to introduce 'Tr' as an official prefix for teachers., Announced by Deputy Chief Minister D.K. Shivakumar during Teachers' Day celebrations in Kudligi, Vijayanagara., Aims to give teachers a distinct professional identity and respect similar to 'Dr' or 'Prof'., Karnataka currently has around 4.5 lakh teachers out of over 1 crore nationwide.