മരക്കൊമ്പു തകർത്ത ജീവിതം, ഒടുവിൽ തേടിയെത്തി തണൽ; യുവാവിന് 2.82 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

ബെംഗളൂരു: ഒരു മരക്കൊമ്പ് തകർത്തെറിഞ്ഞ ആരോഗ്യം അതുപോലെ തിരിച്ചുപിടിക്കാനാവില്ലെങ്കിലും ജി. ചന്ദന്റെ (38) ആത്മവിശ്വാസത്തിന് കരുത്തേകാൻപോന്നതാണ് ആ കോടതിവിധി. കുടുംബനാഥൻ പരിക്കേറ്റ് തളർന്നുപോയതോടെ നിരാശയിലായ കുടുംബത്തിനും ജീവിതം തിരിച്ചുപിടിക്കാൻ കർണാടക ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച 2.82 കോടി രൂപ അത്താണിയാവും.
രണ്ടരവർഷം മുൻപാണ് ശാന്താലയ കോൺവെന്റ് റോഡിൽ മരമൊടിഞ്ഞുവീണുണ്ടായ അപകടത്തിൽ ബെഗളൂരു സ്വദേശി ചന്ദന് ഗുരുതരമായി പരിക്കേറ്റത്. ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിന്റെ പരിസരത്തുള്ള ഗുൽമോഹർ മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു റോഡിലേക്കു വീണത്.
ഈ സമയം അതുവഴി നടന്നുവരുകയായിരുന്ന ചന്ദന്റെ ദേഹത്തേക്കാണ് ശിഖരം വീണത്. ഗുരുതരമായി പരിക്കേറ്റ ചന്ദന് അടിയന്തര ശസ്ത്രക്രിയ അടക്കം ചികിത്സ നൽകിയെങ്കിലും തളർന്നുപോകുകയായിരുന്നു. അതോടെ കുടുംബം അനാഥമായി. അപകടകരമായി നിൽക്കുന്ന വൃക്ഷശിഖരം വെട്ടിമാറ്റാൻ സ്കൂൾ അനുമതി ചോദിച്ചിരുന്നെന്നും എന്നാൽ, കോർപ്പറേഷൻ അവഗണിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 85 ശതമാനമാണ് ഭിന്നശേഷിയെങ്കിലും ജോലിചെയ്യാൻ സാധിക്കാത്തവിധത്തിൽ തളർന്നതിനാൽ 100 ശതമാനം ഭിന്നശേഷിക്കാരനായി പരിഗണിച്ചാണ് കർണാടക ഹൈക്കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
ചികിത്സയ്ക്കായി ചെലവായ 24.44 ലക്ഷം രൂപ, തുടർചികിത്സയ്ക്ക് 1.17 കോടി രൂപ, ജോലിചെയ്യാൻ സാധിക്കാത്തതിനാലുള്ള വരുമാനനഷ്ടമായി 1.03 കോടി രൂപ അടക്കമാണ് 2.82 കോടി രൂപ നഷ്ടപരിഹാരം വിധിച്ചത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. കൂടാതെ സ്‌കൂൾ മൂന്നുലക്ഷം രൂപ ചന്ദന് നൽകിയിട്ടുണ്ട്. മകൾക്ക് ഹയർ സെക്കൻഡറിവരെ സ്‌കൂളിൽ സൗജന്യമായി വിദ്യാഭ്യാസം നൽകാമെന്നും അറിയിച്ചിട്ടുണ്ട്.
മരം സ്വകാര്യസ്ഥലത്താണെന്നപേരിൽ കോർപ്പറേഷന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ കഴിയില്ല. അപകട ഭീഷണിയുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന കോർപ്പറേഷൻ അധികൃതർക്ക് സംഭവത്തെ ഈശ്വരനിശ്ചയമെന്ന് പറയാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരത്തിൽ മരങ്ങൾ, തകർന്ന റോഡുകൾ, മാൻഹോളുകൾ, വൈദ്യുതി വിതരണ സംവിധാനങ്ങൾ തുടങ്ങിയവ പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നത് തടയാൻ നിർമിതബുദ്ധി അടക്കം പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാർഗമൊരുക്കാൻ കോടതി സർക്കാരിനോടും നിർദേശിച്ചു.
Content Highlights: The Karnataka High Court awarded ₹2.82 crore in compensation to G. Chandan, who was severely injured by a falling tree branch, leaving him unable to work and his family in distress. The court held the Greater Bengaluru Authority responsible for the incident, as they ignored requests to remove the dangerous tree, and also criticized the corporation for negligence. The compensation covers medical expenses, future treatment, and loss of income, with additional support from the school for Chandan's daughter's education.