DK ശിവകുമാർ ഓടിച്ച ഇരുചക്രവാഹനത്തിന് 18,500 രൂപ പിഴ; ഹെൽമറ്റ് ഉപയോഗവും പാളി, മന്ത്രിയും പെട്ടു VIDEO

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഓടിച്ച ഇരുചക്രവാഹനത്തിന് 18,500 രൂപ പിഴ. കെ.എ. 04 JZ 2087 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ഇരുചക്രവാഹനമാണ് ഉപമുഖ്യമന്ത്രി ഉപയോഗിച്ചത്. ബൈക്കില്‍ അദ്ദേഹത്തിനു പിന്നില്‍ മന്ത്രി ബൈരതി സുരേഷും ഉണ്ടായിരുന്നു.
ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് ബെംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡി.കെ. ശിവകുമാറും മന്ത്രി ബൈരതിയും. സണ്‍ ഗ്ലാസ് വെച്ച്, ഷാള്‍ പുതച്ച്, ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാര്‍ തന്നെ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. മെച്ചപ്പെട്ട ബെംഗളൂരു കെട്ടിപ്പടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ഹെബ്ബാള്‍ മേല്‍പ്പാലം ലൂപ്പ് തുറക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്ന് വീഡിയോക്കൊപ്പം കുറിച്ചിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുമെന്നും പോസ്റ്റില്‍ ചേര്‍ത്തു. പക്ഷേ, ദൃശ്യങ്ങള്‍ വൈകാതെതന്നെ അദ്ദേഹത്തിന് വലിയ തിരിച്ചടിയായി.
ഇരുചക്രവാഹനത്തിന് 18,500 രൂപയുടെ ഗതാഗത നിയമലംഘന പിഴ അടയ്ക്കാന്‍ ബാക്കിയുണ്ടെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കളും രാഷ്ട്രീയ എതിരാളികളും ചൂണ്ടിക്കാട്ടി. യാത്രയുടെ ചിത്രങ്ങള്‍ പോസ്റ്റുചെയ്ത ബിജെപി പ്രവര്‍ത്തകര്‍, ഈ വാഹനവുമായി ബന്ധപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ചൊവ്വാഴ്ചത്തെ യാത്രയില്‍ ഹാഫ് ഹെല്‍മറ്റ് ധരിച്ചതിന് 500 രൂപ അധിക പിഴ ഈടാക്കിയതായും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഡി.കെ.യ്ക്ക് ഒരു നിയമവും സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമാണോ എന്നാണ് ബിജെപി എക്‌സില്‍ കുറിച്ചത്.
Content Highlights: Unpaid Fines on DCM's Bike Overshadow Hebbal Flyover Inspection in Bengaluru