ഓഫീസിൽവെച്ച് സ്ത്രീകളെ ചുംബിക്കൽ,അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചു; കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ

കെ. രാമചന്ദ്രറാവു, പ്രചരിക്കുന്ന ദൃശ്യത്തില്‍നിന്ന്‌
കെ. രാമചന്ദ്രറാവു, പ്രചരിക്കുന്ന ദൃശ്യത്തില്‍നിന്ന്‌

ബെംഗളൂരു: അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി (സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്) കെ. രാമചന്ദ്രറാവുവിന് സസ്‌പെൻഷൻ. ഓഫീസിലെ ചേംബറിൽ ഡ്യൂട്ടിസമയത്ത് സ്ത്രീകളോടുത്തുള്ള സ്വകാര്യ ദൃശ്യങ്ങളാണ് തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ ഒറിജിനലാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കന്നഡ ടിവി ചാനലുകളടക്കം ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എട്ടുവർഷം മുൻപ് റാവു ബെളഗാവിയിൽ ജോലിചെയ്യുമ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് സൂചനയുണ്ട്. രഹസ്യമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ആരാണ് പുറത്തുവിട്ടതെന്ന് വ്യക്തമല്ല. മൂന്ന് ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് ദൃശ്യങ്ങളിൽ യൂണിഫോമിലാണ് റാവു. സർക്കാർ ഓഫീസിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യാപക വിമർശനങ്ങൾ നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ വിധേയമായി ഡിജിപിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

സംഭവത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരണം തേടിയതിന് പിന്നാലെയാണ് നടപടിയും. കഴിഞ്ഞവർഷം സ്വർണക്കടത്തു കേസിൽ കുടുങ്ങിയ യുവ കന്നഡ നടി രാമചന്ദ്രറാവുവിന്റെ വളർത്തുമകളാണ്. സ്വർണക്കടത്തിന് സഹായം ചെയ്‌തെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് റാവുവിനെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടപടി ഒഴിവാക്കിനൽകി. ഇതിനുപിന്നാലെയാണ് ഇപ്പോൾ അശ്ലീല വീഡിയോ കുരുക്കായത്. അതേസമയം, തന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണിതെന്ന് രാമചന്ദ്രറാവു പ്രതികരിച്ചു.

മുതിർന്ന ഐപിഎസ് ഓഫീസറുടെതെന്ന് ആരോപിച്ചുള്ള ഡ്യൂട്ടി സമയത്തുള്ള അശ്ലീലദൃശ്യങ്ങൾ പുറത്തുവന്നത് സർക്കാരിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ആരും നിയമത്തിനതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കാണാനാകാതെ രാമചന്ദ്രറാവു മടങ്ങി. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ രാമചന്ദ്രറാവുവിന്റെ പേരിൽ സർക്കാർ നടപടിയെടുക്കുമെന്ന് വനിതാ-ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പ്രതികരിച്ചു.

Content Highlights: Karnataka DGP Suspended Amidst Leaked Explicit Video Controversy