ഡി.കെ. മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; ലക്ഷ്മൺ സാവധി പട്ടികയിൽ, മലയാളി എൻ.എ ഹാരിസിന് മന്ത്രിസ്ഥാനമില്ല

#ന്യൂസ് ഡെസ്ക്
ഡി.കെ. ശിവകുമാർ സിദ്ധരാമയ്യക്കൊപ്പം | Photo: ANI
ഡി.കെ. ശിവകുമാർ സിദ്ധരാമയ്യക്കൊപ്പം | Photo: ANI

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബെംഗളൂരുവിലെ രാജ് ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പുതുതായി ചുമതലയേൽക്കുന്ന 20 പേർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ച 20 പേരുടെ പട്ടിക എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറി. പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിങ്, എൻ. ചെലുവരായ സ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയനാന്ദ് കശപ്പനവർ, ലക്ഷ്മൺ സാവദി എന്നിവരാണ് പുതിയതായി മന്ത്രിസഭയിലേക്ക് എത്തുന്ന നേതാക്കൾ. ഇതോടൊപ്പം കർണാടക നിയമസഭയുടെ പുതിയ സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ.എസ്. പൊന്നണ്ണയെയും കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ചിട്ടുണ്ട്.

പട്ടിക പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം ഉയരുന്നുണ്ട്. മൈസൂരുവിൽ നിന്നുള്ള എം.എൽ.എ. തൻവീർ സേഠിന്റെ അനുയായി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലയാളിയും ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായിയുമായ എൻ.എ. ഹാരിസ് മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം, ദാവൻഗരെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ മുൻ മന്ത്രി സമീർ അഹമ്മദ് ഖാൻ പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിലെത്തിയ ലക്ഷ്മൺ സാവധിക്കും മന്ത്രിസ്ഥാനം ലഭിച്ചു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മേയ് 28-ന് രാജിവെച്ചതിനെ തുടർന്ന് ജൂൺ മൂന്നിനാണ് ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും ചുമതലയേറ്റത്. മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 34 മന്ത്രിമാരെയാണ് കർണാടക മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക.

Content Highlights: DK Shivakumar reshuffles Karnataka cabinet with 20 new ministers., Laxman Savadi and Zameer Ahmed Khan included in the new list., Governor Thaawarchand Gehlot to administer the oath at Raj Bhavan., GS Patil appointed as Speaker and AS Ponnanna as Deputy Speaker., Protests reported following the exclusion of certain prominent leaders.