സിന്ദൂരമണിയാത്തതിന് യുവതിയെ അധിക്ഷേപിച്ച് BJPഎംപി; ഇന്ത്യയെ ഹിന്ദുത്വ ഇറാനാക്കാൻ ശ്രമമെന്ന് കോൺഗ്രസ്

കോലാര്‍ (കർണാടക): നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് കടയിലെ ജീവനക്കാരിയെ അധിക്ഷേപിച്ച് ബി.ജെ.പി. എം.പി. വനിതാദിനത്തില്‍ കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ചന്നയ്യ മന്ദിരത്തിലാണ് സംഭവം. ഇവിടെ മാർക്കറ്റ് ഉദ്ഘാടനം ചെയ്തശേഷമായിരുന്നു ബി.ജെ.പി. എം.പി. മുനിസ്വാമിയുടെ അധിക്ഷേപം.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. 'നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ നെറ്റിയില്‍ സിന്ദൂരം ധരിക്കണം' എന്ന് മുനിസ്വാമി ആക്രോശിക്കുന്നത് വീഡിയോയില്‍ ഉണ്ട്. എം.പിയുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എം.പിയാണ് എസ്. മുനിസ്വാമി.
'നിങ്ങളെന്തുകൊണ്ടാണ് നെറ്റിയില്‍ സിന്ദൂരം ധരിക്കാത്ത്? ആരാണ് നിങ്ങളെ ഇവിടെ കട നടത്താന്‍ അനുവദിച്ചത്? എന്തുകൊണ്ടാണ് ഇവിടെ വൈഷ്ണവി എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്? സുജാതയെന്ന പേരില്‍, നിങ്ങള്‍ക്ക് ഒരാള്‍ കാശുതരുന്നു എന്നതുകൊണ്ട്, സിന്ദൂരം ധരിക്കാതിരിക്കാന്‍ പാടില്ല. ആദ്യം സിന്ദൂരം അണിയൂ. ആരെങ്കിലും ഇവര്‍ക്ക് സിന്ദൂരം കൊടുക്കൂ. നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിപ്പില്ലേ? നിങ്ങള്‍ക്ക് സാമാന്യബോധം ഇല്ലേ?', എന്നാണ് എം.പി. കടയിലെ ജീവനക്കാരിയോട് പറയുന്നത്.
എം.പിയുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം രംഗത്തെത്തി. സദാചാര പോലീസ് ചമയുകയാണ് ബി.ജെ.പി. നേതാക്കളെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 'ഇന്ത്യയെ ബി.ജെ.പി. ഹിന്ദുത്വ ഇറാന്‍ ആക്കിമാറ്റും. ബി.ജെ.പിയുടെ ആയത്തുള്ളമാര്‍ സാദാചാര പോലീസിങ് തെരുവില്‍ നടപ്പാക്കും', കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.
Content Highlights: Karnataka BJP MP yells at female vendor on women's day