കര്‍ണാടക ബന്ദ്; തിരക്ക് കുറഞ്ഞ് ബെംഗളൂരു, ബസുകളും ടാക്‌സികളും ഓടുന്നു, ചിലയിടത്ത് കടകളടപ്പിച്ചു

ബെംഗളൂരു: കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നടക്കുന്ന ബന്ദില്‍ വലഞ്ഞ് കര്‍ണാടക ജനത. ബെംഗളൂരു നഗരത്തില്‍ ഉള്‍പ്പെടെ വലിയതോതില്‍ ആളുകളും വാഹനങ്ങളും കുറഞ്ഞു. അതേസമയം ബിഎംടിസി ബസുകള്‍, ടാക്‌സി ഓട്ടോകള്‍ എന്നിവ സാധാരണ പോലെ ഓടുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ചിക്കമംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തുറന്നുപ്രവര്‍ത്തിച്ച കടകള്‍ ബന്ദ് അനുകൂലികള്‍ ഇടപെട്ട് പൂട്ടിച്ചു. ചിലയിടങ്ങളിൽ കടകള്‍ പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ സാധാരണപോലെ ഓടുകയും ചെയ്യുന്നുണ്ട്. ബന്ദ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്, ചില കടകള്‍ ഇന്ന് ഒരു മണിക്കൂര്‍ അധികം തുറന്നുപ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കടകള്‍ക്കുമുന്നില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്.
ബെളഗാവിയില്‍ നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടറെ മറാത്തി സംസാരിക്കുന്നില്ലെന്നാരോപിച്ച് മറാത്തി സംഘങ്ങള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകള്‍ ബന്ദ് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.
Content Highlights: karnataka bandh on language row