കപില്‍ ശര്‍മയുടെ കാനഡയിലെ കഫെയ്ക്ക് നേരെ വെടിവെപ്പ്, പിന്നില്‍ ഖലിസ്താന്‍ ഭീകരന്‍

ടൊറന്റോ: കാനഡയിലെ സറേയില്‍ നടനും കൊമേഡിയനുമായ കപില്‍ ശര്‍മ പുതുതായി തുറന്ന ഭക്ഷണ ശാലയ്ക്ക് നേരെ ആക്രമണം. കപില്‍ ശര്‍മയുടെ കാപ്‌സ് കഫേയ്ക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായാതായണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കഫേയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഖലിസ്ഥാനി ഭീകരന്‍ ഹര്‍ജീത് സിങ് ലാഡി ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. ഈ സംഭവം ഞെട്ടിച്ചെന്നും ഇതിന്റെ ആഘാതം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോഴും പിന്മാറില്ലെന്നും താരം വ്യക്തമാക്കി.
'രുചികരമായ കോഫിയിലൂടെയും സൗഹൃദപരമായ സംഭാഷണങ്ങളിലൂടെയും ഊഷ്മളതയും, കൂട്ടായ്മയും, സന്തോഷവും കൊണ്ടുവരാമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാപ്സ് കഫേ തുറന്നത്. ആ സ്വപ്‌നത്തില്‍ അക്രമം കൂട്ടിമുട്ടുന്നത് ഹൃദയഭേദകമാണ്. ഞങ്ങളതിനെ ഉള്‍ക്കൊള്ളുകയാണ്, പക്ഷേ പിന്മാറില്ല' കാപ്‌സ് കഫേ പ്രസ്താവനയില്‍ അറിയിച്ചു.
അക്രമത്തിനെതിരെ നമുക്ക് ഉറച്ചുനില്‍ക്കാം, കപ്സ് കഫേ ഊഷ്മളതയുടെയും സമൂഹത്തിന്റെയും ഇടമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാമെന്നും പൊതുസമൂഹത്തിനോടായി അവര്‍ അഭ്യര്‍ഥിച്ചു.
കപില്‍ ശര്‍മയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നാണ് സൂചന. എന്നാല്‍, കഫേയെ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടന്നത് അതോ ഹാസ്യനടന് നേരെയുള്ള ഭീഷണിയായിരുന്നോ വെടിവെപ്പ് എന്ന് വ്യക്തമല്ല. വെടിവെപ്പില്‍ കഫേയുടെ ഗ്ലാസ് ജനലുകള്‍ തകര്‍ന്നിട്ടുണ്ട്.