എക്‌സ്പ്രസ് വേ തകർന്നു; 'ഉണക്കി' ശരിയാക്കാൻ ഇലക്ട്രിക് ഫാൻ ടെക്‌നിക്, പിന്നാലെ അറ്റകുറ്റപ്പണി

ലഖ്നൗ: നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാൻ ഫാനിന് കീഴിൽ ഇടുന്നത് മഴക്കാലത്ത് സാധാരണ ചെയ്യാറുള്ളതാണ്. എന്നാൽ ഒരു റോഡ് ഉണക്കാൻ ഫാൻ ഉപയോഗിച്ച് കാറ്റടിപ്പിച്ചാലോ? ഇങ്ങനെ വിചിത്രമായ രീതിയിൽ റോഡിലെ ഈർപ്പം മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്.
ഉത്തർപ്രദേശിലെ കാൺപൂർ-ലഖ്നൗ എക്‌സ്പ്രസ് വേയിലാണ് ഇത്തരത്തിൽ വലിയ ഇലക്ട്രിക് ഫാനുകൾ ഉപയോഗിച്ച് റോഡ് ഉണക്കാൻ ശ്രമിക്കുന്നത്.
.ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്നത് വലിയ വിവാദമായിരുന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം അടിയിലേക്ക് ഇറങ്ങുകയും മണ്ണിന്റെ ഉറപ്പ് നഷ്ടപ്പെടുകയും ചെയ്തതാണ് റോഡ് ഇടിയാൻ കാരണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി പറയുന്നത്. റോഡ് പുനർനിർമ്മിക്കുന്നതിന് മുന്നോടിയായി, മണ്ണിൽ കെട്ടിക്കിടക്കുന്ന ഈർപ്പം നീക്കം ചെയ്യാനാണ് ഹൈ-പവർ ഫാനുകൾ അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗം.
റോഡ് ഇടിഞ്ഞുതാണതിനെ തുടർന്ന് കാൺപൂരിനും ലഖ്നൗവിനും ഇടയിലുള്ള ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. ഒരു വശത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. അപകടസാധ്യത നിലനിൽക്കെ നിർമ്മാണ സാമഗ്രികൾക്കിടയിലൂടെ വാഹനങ്ങൾ ഓടിക്കേണ്ടി വരുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം റോഡ് തകർന്ന വിവരം അറിയിക്കാതെ ടോൾ പ്ലാസകളിൽ പണം ഈടാക്കിയതായും, ഇത് സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. പരാതികൾ ഉയർന്നതോടെ അറ്റകുറ്റപ്പണികൾ കഴിയുന്നത് വരെ ഈ ഭാഗത്തെ ടോൾ പിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.
റോഡ് ഇടിഞ്ഞുതാണ സ്ഥലത്ത് ഒരു മാസം മുമ്പും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അവിടെ ഇത്തരം പ്രശ്‌നമുണ്ടായതോടെ നിർമാണത്തിലെ അപാകത സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയരുന്നുണ്ട്. ഇതേ എക്‌സ്പ്രസ് വേയിൽ തന്നെ നിലവിൽ എട്ടോളം സ്ഥലങ്ങളിൽ ഇത്തരത്തിൽ റോഡ് ഇടിഞ്ഞതായി റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഐഐടി ഖരഗ്പൂരിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് നടപടിയുണ്ടാകും.
റോഡ് ഇടിഞ്ഞുതാണ സംഭവത്തിൽ നിർമ്മാണ കമ്പനിയായ പിഎൻസി ഇൻഫ്രാടെക്കിന് ദേശീയപാത അതോറിറ്റി നോട്ടീസ് അയച്ചു. അറ്റകുറ്റപ്പണിക്കായി വരുന്ന 3 കോടി രൂപ കമ്പനിയിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. കൂടാതെ, മേൽനോട്ട ചുമതലയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും രണ്ട് വർഷത്തേക്ക് ദേശീയപാത അതോറിറ്റിയുടെ പദ്ധതികളിൽ നിന്ന് വിലക്കുകയും ചെയ്തു. റോഡ് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ടോൾ പിരിവ് പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.