മൂന്നാം മുന്നണിയുണ്ടാക്കാൻ ഡിഎംകെ? കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി കനിമൊഴി

ചെന്നൈ: ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ കോൺഗ്രസ് ഇതര കക്ഷികളുടെ മുന്നണിയുണ്ടാക്കുന്നതിന് ഡി.എം.കെ. ശ്രമം തുടങ്ങി. മമതാ ബാനർജി, ഉദ്ധവ് താക്കറെ, ശരദ് പവാർ, സുപ്രിയ സുലെ എന്നിവരെക്കണ്ട് പാർട്ടിനേതാവ് കനിമൊഴി ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തി.
തമിഴ്‌നാട്ടിലെ ഭരണമാറ്റത്തെത്തുടർന്ന് കോൺഗ്രസുമായുള്ള ബന്ധം വഷളായതോടെയാണ് ഡി.എം.കെ. മൂന്നാംമുന്നണിക്കുള്ള നീക്കം ഊർജിതമാക്കിയത്. വ്യാഴാഴ്ച കൊൽക്കത്തയിലെ വീട്ടിലെത്തിയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെ കനിമൊഴി കണ്ടത്.
കഴിഞ്ഞ ശനിയാഴ്ച മുംബൈയിലെത്തി ശിവസേന ഉദ്ധവ് വിഭാഗം തലവൻ ഉദ്ധവ് താക്കറെയെ കണ്ടിരുന്നു. അതിനുശേഷം ഡൽഹിയിൽവെച്ച് എൻ.സി.പി. ശരദ് പവാർ വിഭാഗം നേതാക്കളായ ശരദ് പവാറുമായും സുപ്രിയ സുലെയുമായും പ്രത്യേകം ചർച്ചകൾ നടത്തി.
പ്രമുഖ രാഷ്ട്രീയനേതാക്കളുമായി കനിമൊഴി നടത്തുന്ന ചർച്ചയുടെ വിശദാംശങ്ങൾ ഡി.എം.കെ. വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യസഖ്യത്തിന്റെ ഭാവിയും മണ്ഡലപുനർനിർണയ ബില്ലിനോട് ലോക്‌സഭയിൽ സ്വീകരിക്കേണ്ട നിലപാടുമായിരുന്നു ചർച്ചാവിഷയമെന്നാണ് ശിവസേനാ നേതൃത്വം പറഞ്ഞത്.
തൃണമൂൽ കോൺഗ്രസ് ദേശീയതലത്തിൽ ഇന്ത്യസഖ്യത്തിന്റെ ഭാഗമാണെങ്കിലും പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുകയാണ്. മഹാരാഷ്ട്രയിൽ ശിവസേന(ഉദ്ധവ്)-എൻ.സി.പി.(പവാർ)-കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിലും ഭിന്നതയുണ്ട്.
ഈ സാഹചര്യത്തിൽ ഇവരെ കോൺഗ്രസ് ഇതര മുന്നണിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ഡി.എം.കെ.യുടെ പ്രതീക്ഷ. ഡി.എം.കെ. മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചശേഷം ടി.വി.കെ. മന്ത്രിസഭയിൽ പങ്കാളിയാകാൻ കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനിച്ചതോടെയാണ് തമിഴ്‌നാട്ടിൽ ഇരുകക്ഷികളും തമ്മിലുള്ള സഖ്യം അവസാനിച്ചത്.
ഇതേത്തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യസഖ്യം വിട്ട ഡി.എം.കെ. ലോക്‌സഭയിൽ സീറ്റ് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തുനൽകിയിരുന്നു. എങ്കിലും ഇന്ത്യസഖ്യത്തിൽ ഡി.എം.കെ. തുടരുന്നുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. ഇന്ത്യസഖ്യത്തിൽ ഇപ്പോൾ കോൺഗ്രസ് മാത്രമേ ഉള്ളൂവെന്നായിരുന്നു കനിമൊഴി നേരത്തേ പറഞ്ഞത്.
ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസ് ഇതര മുന്നണിയുണ്ടാക്കാൻ ഇതിനുമുൻപും ശ്രമങ്ങൾ നടന്നിട്ടുണ്ട്. 2013-ൽ മമതാ ബാനർജിയും 2019-ൽ ബി.ആർ.എസ്. നേതാവ് ചന്ദ്രശേഖരറാവുവും 2024-ൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമാണ് അതിനു നേതൃത്വംനൽകിയത്. എന്നാൽ, ഇവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.