സനാതന ധർമത്തിനെതിരേ പ്രസംഗിച്ചു, കമൽഹാസന്‍റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയൽ നടനെതിരേ പരാതി

കമൽഹാസൻ | ഫോട്ടോ: AFP
കമൽഹാസൻ | ഫോട്ടോ: AFP

ചെന്നൈ: സനാതന ധർമത്തിനെതിരേ പ്രസംഗിച്ച മക്കൾ നീതിമയ്യം നേതാവ് കമൽഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി. സീരിയൽ നടനായ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മക്കൾ നീതിമയ്യം ഭാരവാഹികൾ ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ വിദ്യാഭ്യാസംകൊണ്ടു മാത്രമേ കഴിയൂ എന്ന് കഴിഞ്ഞയാഴ്ച കമൽ പറഞ്ഞിരുന്നു. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷ വേദിയിലായിരുന്നു പ്രസ്താവന. വിദ്യയല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും ചടങ്ങിൽ കമൽ യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു.

ഇത് സനാതനധർമത്തെ അവഹേളിക്കുന്ന പ്രസ്താവനയാണെന്നാണ് രവിചന്ദ്രൻ പറയുന്നത്. സനാതനധർമത്തെ അവഹേളിച്ച കമലിനെ പാഠം പഠിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്ററിലോ ഒടിടിയിലോ കാണരുതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഢി ആഹ്വാനം ചെയ്തിരുന്നു.

Content Highlights: Actor Kamal Haasan receives death threat after criticizing Sanatana Dharma