അറ്റോര്‍ണി ജനറലായി കെ കെ വേണുഗോപാല്‍ തുടരും

ന്യൂഡല്‍ഹി: ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയി കെ കെ വേണുഗോപാല്‍ ഒരു വര്‍ഷം കൂടി തുടരും. എ ജി ആയി തുടരണം എന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം വേണുഗോപാല്‍ അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു വേണുഗോപാലിനെ അറ്റോര്‍ണി ജനറലായി നിയമിച്ചിരുന്നത്. 

2017 ല്‍ ആണ് ഭരണഘടന വിദഗ്ദ്ധനായ  കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു നിയമന കാലാവധി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഇരിക്കെയാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് തുടരണമെന്ന് എന്ന് പ്രധാനമന്ത്രി കെ കെ വേണുഗോപാലിനോട് അഭ്യര്‍ഥിച്ചത്.

റഫാല്‍ ഇടപാട് ഉള്‍പ്പടെയുളള സുപ്രധാന കേസുകളില്‍ കേന്ദ്ര സര്‍ക്കാരിന് ശക്തമായ പ്രതിരോധം തീര്‍ത്തത് കെ കെ വേണുഗോപാല്‍ ആയിരുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലും, ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് എതിരായ ഹര്‍ജികളിലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആകുന്നതും വേണുഗോപാല്‍ ആണ്. 

ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് അറ്റോര്‍ണി ജനറല്‍ പദവിയില്‍ ഇരുന്ന് കൊണ്ട് വേണുഗോപാല്‍ ഉന്നയിച്ചത്. യുവതി പ്രവേശനത്തെ എതിര്‍ത്ത് ന്യൂനപക്ഷ വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് ശരിയെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു. 

മൊറാജി ദേശായിയുടെ സര്‍ക്കാരില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും വേണുഗോപാല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോട്് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് വേണുഗോപാലിന്റെ സ്വദേശം. ബാരിസ്റ്റര്‍ എം കെ നമ്പ്യാര്‍ ആണ് പിതാവ്.

Content Highlights:K.K.Venugopal to continue as Attorney General 

Content Highlights: