'വി ദ ലീഡേഴ്സ്' രാഷ്ട്രീയ പാർട്ടിയാകുന്നു; മതം തങ്ങളുടെ പരിധിയിലല്ലെന്ന് അണ്ണാമലൈ

#ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ അടുത്തിടെ രൂപീകരിച്ച 'വി ദ ലീഡേഴ്സ്' എന്ന പ്രസ്ഥാനം വൈകാതെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പൊള്ളാച്ചിയിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് സംഘടനയുടെ ഭാവി പദ്ധതി അദ്ദേഹം വ്യക്തമാക്കിയത്. സംഘടനയുടെ പ്രവർത്തന പരിധിയിൽ മതത്തിന് സ്ഥാനമില്ലെന്നും ഭരണനിർവഹണത്തിലും പൊതു ഉത്തരവാദിത്വത്തിലുമാണ് പ്രസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു. 'ഞാൻ ഒരു ഹിന്ദുവാണ്, എന്നാൽ പുറത്തിറങ്ങുമ്പോൾ എന്റെ ജാതിയും മതവും വീട്ടിനുള്ളിൽ പൂട്ടിയിടാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിനെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കി മാറ്റുകയാണ് ഞങ്ങളുടെ രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ഥാനത്തിലെ അംഗങ്ങളെക്കുറിച്ചുള്ള കണക്കുകളും അണ്ണാമലൈ പുറത്തുവിട്ടു. സംഘടനയിൽ 17 ശതമാനം സ്ത്രീകളാണെന്നും അംഗങ്ങളിൽ 54 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വരാനിരിക്കുന്ന 2031-ലെ തിരഞ്ഞെടുപ്പിൽ 'ജെൻ സി' വിഭാഗം വലിയ രാഷ്ട്രീയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പ്രവചിച്ചു.

2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-എഐഎഡിഎംകെ സഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചത്. സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വി ദ ലീഡേഴ്സ്' രൂപീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ആറ് മാസത്തിനുള്ളിൽ 50 ലക്ഷം വൃക്ഷത്തൈകൾ നടാനുള്ള പദ്ധതിയും പ്രസ്ഥാനം ആസൂത്രണം ചെയ്യുന്നുണ്ട്. അനുയോജ്യമായ സമയത്ത് സംഘടന പൂർണ്ണരൂപത്തിലുള്ള രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് അണ്ണാമലൈ അറിയിച്ചു.

Content Highlights: K. Annamalai confirms 'We The Leaders' will transition into a formal political party., Focus on governance and public responsibility over religion and caste., Strong youth demographic: 54% of members are under 35., Strategic goal to transform Tamil Nadu into a leading Indian state by 2031., Environmental initiative to plant 5 million saplings in the next six months.