സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു; സുപ്രീം കോടതിയിലേക്കുള്ള കേരള ജഡ്ജി ആര്?

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞാചടങ്ങിനിടെ | Photo: PTI
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞാചടങ്ങിനിടെ | Photo: PTI

ന്യൂഡൽഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിൽ  നടന്ന ചടങ്ങിൽ  രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു.   2025 മെയ്‌ 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും. 

രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി ഇന്ദിര ഗാന്ധി നിഷേധിച്ച ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. അതിന് മുമ്പ് 14 വർഷം ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു. 

ജസ്റ്റിസ് ഓക കൊളീജിയത്തിൽ; സുപ്രീം കോടതിയിലെ ഒഴിവുകൾ നികത്താൻ കൊളീജിയം ഉടൻ ചേരും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്ന് സുപ്രീം കോടതി കൊളീജിയത്തിലുണ്ടായ ഒഴിവിലേക്ക് ജസ്റ്റിസ് അഭയ് എസ് ഓക എത്തും. 2021 ഓഗസ്റ്റിൽ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഓക, അതിന് മുമ്പ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് ജസ്റ്റിസ് അഭയ് എസ് ഓക.  ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ് ഓക എന്നിവർ അടങ്ങുന്നതാണ് പുതിയ സുപ്രീം കോടതി കൊളീജിയം. സുപ്രീം കോടതിയിൽ നിലവിൽ ജഡ്ജിമാരുടെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ആ ഒഴിവുകൾ നികത്താനുള്ള ശുപാർശ തയ്യാറാക്കാൻ സുപ്രീം കോടതി കൊളീജിയം ഉടൻ യോഗം ചേരും. 

സുപ്രീം കോടതിയിലേക്കുള്ള  കേരള ജഡ്ജി സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു

ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന കാലയളവിൽ ആണ് ജസ്റ്റിസ് സി.ടി രവികുമാർ സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലെങ്കിൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ വിരമിക്കുന്നതും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലയളവിൽ ആയിരിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലയളവിൽ സുപ്രീം കോടതി ജഡ്ജിമാരുടെ നാല് ഒഴിവുകൾ ആണ് നികത്താൻ സാധ്യത. ജസ്റ്റിസ് ഹിമ കോഹ്ലി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ഒഴിവുകൾക്ക് പുറമെ ജനുവരിയിൽ ജസ്റ്റിസുമാരായ സി.ടി രവികുമാറും ഹൃഷികേശ് റോയിയും വിരമിക്കും. 

സുപ്രീം കോടതിയിൽ നിലവിൽ കേരള ഹൈക്കോടതി മാതൃ ഹൈക്കോടതിയായുള്ള  ഏക ന്യായാധിപൻ  ജസ്റ്റിസ് സി.ടി രവികുമാറാണ്. 2025 ജനുവരി അഞ്ചിന് ജസ്റ്റിസ് രവികുമാർ വിരമിക്കും. രാജ്യത്തെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസിമാരിൽ കേരള ഹൈക്കോടതി മാതൃ ഹൈകോടതിയായ ന്യായാധിപൻ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനാണ്. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ല എങ്കിൽ അടുത്ത വർഷം ഏപ്രിൽ 24 ന് വിരമിക്കും. 

കേരള ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാരിൽ ആരെങ്കിലുമൊക്കെ സമീപ മാസങ്ങളിൽ തന്നെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടാൻ ആണ് സാധ്യത. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനാണ് സീനിയോറിറ്റിയിൽ ഒന്നാമനായ കേരള ജഡ്ജി. 2011 നവംബറിൽ ആണ് കേരള ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ നിയമിതനാകുന്നത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്‌, എ കെ ജയശങ്കർ നമ്പ്യാർ, അനിൽ കെ. നരേന്ദ്രൻ എന്നിവരാണ് സീനിയോറിറ്റിയിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ള കേരള ജഡ്ജിമാർ. ഈ മൂന്ന് പേരും കേരള ഹൈക്കോടതി ജഡ്ജിമാരാകുന്നത് 2014 ജനുവരി 23 ന് ആണ്. ഇവരിൽ ആരെങ്കിലുമൊക്കെ സമീപകാലത്ത് തന്നെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടേക്കാം. ഈ പട്ടികയിലെ ചില പേരുകൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരായും പരിഗണിക്കപ്പെട്ടേക്കാം. 

കർണാടക ഹൈക്കോടതിയിലെ കൊളീജിയത്തിൽ അംഗമായ കേരളത്തിൽ നിന്നുള്ള ജസ്റ്റിസ് അനു ശിവരാമന്റെ പേരും ചർച്ചകളിൽ സജീവമായി ഉയർന്ന് കേൾക്കുന്നുണ്ട്. 2015 ഏപ്രിലിൽ ആണ് ജസ്റ്റിസ് അനു ശിവരാമൻ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. സാധാരണ ഹൈക്കോടതി ജഡ്ജിയായി പത്ത് വർഷം പൂർത്തിയായവരെയാണ് സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ പരിഗണിക്കുന്നത്. അതിനാൽ അടുത്ത വർഷം ഏപ്രിലിന് ശേഷമേ ജസ്റ്റിസ് അനു ശിവരാമന്റെ പേര് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളൂ. എന്നാൽ വനിതയെന്ന പരിഗണനയിൽ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ ഉണ്ടായാലും അത്ഭുതപെടാനില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ പറഞ്ഞു.

Content Highlights: Justice Sanjiv Khanna took oath as India`s 51st Chief Justice