'നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ ബഹുമാനിക്കും, ചന്ദ്രചൂഡ് സർക്കാരിന് വഴങ്ങി’; മുൻ ചീഫ് ജസ്റ്റിസിനെതിരേ ഗുരുതര ആരോപണം

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെതിരേ വെളിപ്പെടുത്തലുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയം യോഗം ചേരുന്നതിന് മുൻപ് സർക്കാരിന്റെ അഭിപ്രായം തേടി. കൊളീജയം പരിഗണിക്കുന്നവരുടെ ജാതി സർക്കാർ ആരാഞ്ഞു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സഞ്ജയ് കിഷൻ കൗൾ ഉന്നയിക്കുന്നത്. ഈ മാസം അവസാനം ജഗ്ഗർനോട്ട് പ്രസിദ്ധീകരിക്കുന്ന 'വിത്തൗട്ട് ഫിയർ ഓർ ഫേവർ' എന്ന തന്റെ ആത്മകഥയിലാണ് ജസ്റ്റിസ് കൗൾ അന്നത്തെ ചീഫ് ജസ്റ്റിസുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും കൊളീജിയത്തിലെ തർക്കങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നത്.
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം പുലർത്തിയെന്ന് സഞ്ജയ് കിഷൻ കൗൾ പുസ്തകത്തിൽ തുറന്നടിക്കുന്നുണ്ട്. മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലിരിക്കെ സുപ്രീം കോടതിയുമായുള്ള ബന്ധം ശക്തമായെന്ന ആരോപണങ്ങൾക്കിടെയാണ് ജസ്റ്റിസ് കൗളിന്റെ ആരോപണങ്ങളും പുറത്തുവരുന്നത്.
ജഡ്ജിമാരുടെ നിയമന കാര്യത്തിൽ 'നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ കൂടുതൽ ബഹുമാനിക്കുന്നു' എന്ന് ജസ്റ്റിസ് കൗൾ പുസ്തകത്തിൽ പരാമർശിക്കുന്നു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ കോടതി നൽകുന്ന ശുപാർശകൾ അംഗീകരിക്കുന്ന നിരവധി കേസുകളെ കുറിച്ച് പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. കൊളീജിയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ മുൻകൂർ അനുമതി തേടുന്ന രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഭരണകൂടത്തിന്റെ നിലപാടുകളെ പ്രതിരോധിക്കുന്ന പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കലല്ല കോടതിയുടെ പണിയെന്നും, എന്നാൽ ഭരണകൂടത്തിന്റെ വഴിവിട്ട നീക്കങ്ങൾക്ക് തടയിടുന്ന ചെക്ക് ആൻഡ് ബാലൻസ് ആയി നിലകൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015-ൽ പാർലമെന്റിൽ പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ( എൻ.ജെ.എ.സി) നിയമം പൂർണ്ണമായി റദ്ദാക്കുന്നതിന് പകരം അത് പ്രവർത്തിക്കാൻ ഒരു അവസരം നൽകണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊളീജിയം യോഗങ്ങളിലെ നിർണ്ണായകമായ ചില സംഭവങ്ങളും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം അഞ്ച് പേരുകൾ മുൻകൂട്ടി തരുമാനിച്ചിരുന്നെങ്കിലും യോഗദിവസം അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആറാമതൊരു പേര് നിർദ്ദേശിച്ചു. ഇത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് താൻ സംശയിച്ചു. അതിനാൽ യോഗത്തിനിടയിൽ സർക്കാരുമായി ഫോണിൽ സംസാരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ നീക്കത്തെ തടഞ്ഞു. തുടർന്ന് ആദ്യ അഞ്ച് പേരുകൾ അംഗീകരിക്കപ്പെടുകയും ആറാമത്തെ പേര് ഒഴിവാക്കപ്പെടുകയും ചെയ്തു.
ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു ജഡ്ജി സ്ഥാനാർത്ഥിയുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ വിചിത്രമായ ചോദ്യം ഉന്നയിച്ചപ്പോൾ കൗൾ അതിശക്തമായി എതിർത്തു. 'ഇങ്ങനെയാണ് ജഡ്ജിമാരെ നിയമിക്കുന്നതെങ്കിൽ നിങ്ങൾക്ക് തന്നെ തീരുമാനിച്ച് നിയമിക്കാം, ഇതിൽ പങ്കാളിയാകാൻ എനിക്ക് കഴിയില്ല' എന്ന് പറഞ്ഞ് ഫയൽ അടച്ച് ജസ്റ്റിസ് കൗൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് സർക്കാർ വഴങ്ങിയ ശേഷമാണ് ആ നിയമനം നടന്നത്.
പി.എം.എൽ.എ വിധിയുടെ പുനഃപരിശോധനയുമായി ബന്ധപ്പെട്ട കേസ് തന്റെ ബെഞ്ചിന് മുൻപിൽ വരികയും തന്നോട് ആലോചിക്കാതെ അത് പെട്ടെന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തതിൽ ജസ്റ്റിസ് കൗൾ വിയോജിപ്പ് രേഖപ്പെടുത്തി. കൂടാതെ, മുതിർന്ന അഭിഭാഷക പദവി നൽകുന്നത് താൻ വിരമിക്കുന്നത് വരെ ബോധപൂർവ്വം വൈകിപ്പിച്ചതായും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം പുസ്തകം പൂർണ്ണമായി വായിക്കാതെ വിശദമായി മറുപടി നൽകാൻ കഴിയില്ലെന്നാണ് ആരോപണങ്ങളോട് പ്രതികരിച്ച മുൻ സി.ജെ.ഐ ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചത്. ജസ്റ്റിസ് കൗളുമായി കൊളീജിയത്തിൽ വളരെ നല്ലതും പരസ്പര ബഹുമാനമുള്ളതുമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും കൗൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം തന്റെ ഓർമ്മയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ നിയമനത്തിൽ ഭരണഘടനാനുസൃതമായി സർക്കാരുമായി ചർച്ചകൾ നടത്താറുണ്ടെന്നും അന്തിമ നിയമന ഉത്തരവിൽ ഒപ്പിടുന്നത് രാഷ്ട്രപതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Justice Sanjay Kishan Kaul's memoir 'Without Fear or Favour' accuses former CJI DY Chandrachud of excessive government subservience., Claims the government inquired about the caste of a minority judicial candidate during collegium discussions., Details instances where collegium names were altered and government interference was resisted., DY Chandrachud responded stating he cannot comment without reading the full book and does not recall Kaul walking out of a meeting.