കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം; 3 ആഴ്ചയായിട്ടും ഹാജരാവാതെ ജസ്റ്റിസ് നിഷ ബാനു, പിന്നിൽ സീനിയോറിറ്റി തർക്കമോ?

ജസ്റ്റിസ് നിഷ ബാനു
ജസ്റ്റിസ് നിഷ ബാനു

ചെന്നൈ: കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ട ജസ്റ്റിസ് നിഷ ബാനു മൂന്നാഴ്ചയായിട്ടും ചുമതലയേൽക്കാത്തത് ന്യായാധിപ അച്ചടക്കലംഘനമാണെന്നു കാണിച്ച് മദ്രാസ് ഹൈക്കോടതിയിലെ 50 അഭിഭാഷകർ രാഷ്ട്രപതിക്ക് കത്തയച്ചു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നിഷ ബാനു ഉൾപ്പെടെ 13 ജഡ്ജിമാരെ സ്ഥലംമാറ്റാൻ ഓഗസ്റ്റ് 27-നാണ് സുപ്രീംകോടതി കൊളീജിയം ശുപാർശനൽകിയത്. രാഷ്ട്രപതിയുടെ തീരുമാനപ്രകാരം കേന്ദ്രം ഒക്ടോബർ 14-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കി. മറ്റു ജഡ്ജിമാരെല്ലാം ഇതനുസരിച്ച് അതതു ഹൈക്കോടതികളിലെത്തി ചുമതലയേറ്റെടുത്തു. എന്നാൽ, ഒക്ടോബർ 14-ന് മദ്രാസ് ഹൈക്കോടതിയിലെ വിചാരണാ നടപടികളിൽനിന്ന് ഒഴിഞ്ഞ ജസ്റ്റിസ് നിഷ ബാനു ഇതുവരെ കേരള ഹൈക്കോടതിയിലെത്തി ചുമതലയേറ്റിട്ടില്ല.

സീനിയോറിറ്റി അനുസരിച്ച് മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് നിഷ ബാനു. കേരള ഹൈക്കോടതിയിൽ ചുമതലയേറ്റാൽ ഈ സീനിയോറിറ്റി നഷ്ടപ്പെടും.

ഇക്കാര്യം പരിഗണിച്ച് അവരെ സ്ഥലംമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ അഭിഭാഷകർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Justice Nisha Banu's Unsettled Transfer: Madras Advocates Petition President