സിദ്ദിഖ് കാപ്പന്‍ കേസ്: ഭാര്യയേയും മകളേയും കക്ഷിചേര്‍ക്കാന്‍ കെയുഡബ്‌ള്യുജെക്ക് സുപ്രീം കോടതി അനുമതി

Supreme Court | Photo: Sabu Scaria|Mathrubhumi
Supreme Court | Photo: Sabu Scaria|Mathrubhumi

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയും മകളെയും കക്ഷിചേര്‍ക്കാന്‍ കെ.യു.ഡബ്‌ള്യു.ജെക്ക് സുപ്രീം കോടതി അനുമതി നല്‍കി. കാപ്പന് എതിരായ എഫ്.ഐ.ആറിലെ ആരോപണങ്ങള്‍ വ്യാജമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന ചില വസ്തുതകള്‍ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് സിദ്ദിഖ് കാപ്പന്‍ അല്ല എന്നും മൂന്നാമതൊരു സംഘടനയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതിയുടെ അവകാശം മൂന്നാമതൊരു സംഘടനയ്ക്ക് ഉന്നയിക്കാനാകുമോ എന്ന് ചീഫ് ജസ്റ്റിസും ആരാഞ്ഞു. തുടര്‍ന്നാണ് കേസില്‍ കാപ്പന്റെ കുടുംബാംഗങ്ങളെ കക്ഷിചേര്‍ക്കാന്‍ കോടതി പത്രപ്രവര്‍ത്തക യൂണിയന് അനുമതി നല്‍കിയത്.

ജാമ്യത്തിനായി കീഴ്‌കോടതിയെ സമീപിക്കാന്‍ തയ്യാറാണോ എന്ന് ചീഫ് ജസ്റ്റിസ് കപില്‍ സിബലിനോട് ആരാഞ്ഞു. കടുത്ത ചില അവകാശലംഘനങ്ങളുള്ള കേസ് ആയതിനാല്‍ കീഴ്‌കോടതിയിലേക്ക് പോകുന്നില്ലെന്ന് സിബല്‍ മറുപടി നല്‍കി. സുപ്രീം കോടതിക്കുതന്നെ നേരിട്ട് ജാമ്യം നല്‍കാവുന്നതാണ്. കീഴ് കോടതിയുടെ പരിഗണനയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കെയാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ എല്ലാ കേസിനും അതിന്റേതായ പ്രത്യേകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

സിദ്ദിഖ് കാപ്പന്റെ ബന്ധുക്കളുടെ മൊബൈല്‍ നമ്പര്‍ എന്നുപറഞ്ഞ് എഫ് ഐ ആറില്‍ നല്‍കിയിരിക്കുന്നതു പോലും തെറ്റായ കാര്യങ്ങളാണെന്ന് കെ.യു.ഡബ്യു.ജെ. ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണത്തില്‍ ഗുരുതരമായ ചില വസ്തുതകള്‍ കണ്ടെത്തിയെന്ന് സോളിസിറ്റര്‍ ജനറലും ചൂണ്ടിക്കാട്ടി.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി യു.പി. സര്‍ക്കാരിന് അനുമതി നല്‍കി. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.

Content Highlights: Journalist Siddique Kappan case, Supreme Court, KUWJ

Content Highlights: