പുതിയ പാർട്ടിയുമായി സാന്റിയാഗോ മാർട്ടിന്റെ മകൻ, പ്രഖ്യാപനം വിജയ്‌യുടെ റാലിയ്ക്ക് തൊട്ടടുത്ത ദിവസം

ചെന്നൈ: ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരി കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടി തുടങ്ങി. ‘ജെസിഎം മക്കൾ മൻട്രം’ എന്ന സംഘടനയെ ‘ലക്ഷ്യ ജനനായക കക്ഷി’ എന്ന പേരിൽ പാർട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യസാധ്യതയാണ് ജോസ് ചാൾസ് തേടുന്നതെന്നാണ് സൂചന.
പുതുച്ചേരിയിൽ വിജയ്‌യുടെ റാലിയുടെ തൊട്ടടുത്തദിവസമാണ് ജോസ് ചാൾസ് പാർട്ടി പ്രഖ്യാപനം നടത്തിയത് എന്നത് അഭ്യൂഹം ശരിവെക്കുന്ന തരത്തിലായി. 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ രാഷ്ട്രീയപരീക്ഷണത്തിന് ഇറങ്ങുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.
ചാൾസ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ 39-കാരനായ ജോസ് ചാൾസ് മാർട്ടിൻ 2015-ൽ ബിജെപിയിൽ ചേർന്നെങ്കിലും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വിട്ടു. മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന ഓൾ ഇന്ത്യ എൻആർ കോൺഗ്രസും ബിജെപിയും ചേർന്നുള്ള പുതുച്ചേരി ഭരണത്തിൽ മന്ത്രിസ്ഥാനം കിട്ടാത്ത എ. ജോൺ കുമാർ എംഎൽഎ നവംബറിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ജോസ് ചാൾസ് മുഖ്യാതിഥിയായിരുന്നു. ഇതോടെ, ബിജെപി. പിളർത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് വിലയിരുത്തലുണ്ടായി.
ജോസ് ചാൾസിന്റെ സഹോദരി ഡെയ്സിയുടെ ഭർത്താവായ ആദവ് അർജുന ടിവികെയുടെ ജനറൽ സെക്രട്ടറിയാണ്. ആദവിന്റെ അനുകൂല നിലപാട് ഉണ്ടായാൽ ജോസ് ചാൾസിന് കാര്യങ്ങൾ എളുപ്പമാവും.
Content Highlights: Lottery magnate`s son Jose Charles Martin launches `Lakshya Jananayaka Katchi` in Puducherry, exploring alliance with actor Vijay`s TVK for 2026 elections.