പഠിക്കാന്‍ അവസരം നഷ്ടപ്പെടുന്നവർക്കൊപ്പം നില്‍ക്കാത്തതെന്ത്? ദീപിക അടക്കമുള്ളവരോട് ജെഎന്‍യു വി.സി.

Photo: ANI
Photo: ANI

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച ദീപിക പദുകോണ്‍ അടക്കമുള്ള പ്രശസ്ത വ്യക്തികള്‍ക്കെതിരെ ചോദ്യങ്ങളുമായി വൈസ് ചാന്‍സിലര്‍ എം. ജഗദേഷ് കുമാര്‍. 

പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന പ്രതിഷേധക്കാരല്ലാത്ത വിദ്യാര്‍ഥികളുടെ പക്ഷത്ത് നില്‍ക്കാന്‍ പ്രമുഖ വ്യക്തികള്‍ തയ്യാറാകാത്തത്  എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രക്ഷോഭകാരികളെ പിന്തുണയ്ക്കാനെത്തുന്ന മഹത് വ്യക്തികളോട് ഒരു കാര്യമാണ് ചോദിക്കാനുള്ളത്, ഗവേഷണവും അധ്യാപനവും നടത്താനുള്ള മറ്റു വിദ്യാര്‍ഥികളുടെ അവകാശം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? എന്തുകൊണ്ടാണ് നിങ്ങള്‍ അവരുടെ പക്ഷത്ത് നില്‍ക്കാത്തത്?', ജഗദേഷ് കുമാര്‍ ചോദിച്ചു.

ജെഎന്‍യുവില്‍ നടന്ന അതിക്രമത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുകോണ്‍ ചൊവ്വാഴ്ചയാണ് കാമ്പസിലെത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും അവര്‍ സന്ദര്‍ശിച്ചിരുന്നു. ഇത് രാജ്യത്തെങ്ങും വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. 

ദീപികയെ കൂടാതെ നിരവധി പ്രമുഖ വ്യക്തികള്‍ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന അതിക്രമത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപിക പദുകോണ്‍ അടക്കം വിദ്യാര്‍ഥികളെ പിന്തുണച്ച പ്രമുഖ വ്യക്തികള്‍ക്കെതിരെ ചോദ്യവുമായി ജെഎന്‍യു വൈസ് ചാന്‍സിലര്‍ രംഗത്തെത്തിയത്.

Content Highlights: JNU VC Asks Deepika Padukone on JNU visit

Content Highlights: