JNU വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പ്: ABVPയ്ക്ക് നേട്ടം, ജോയിന്റ് സെക്രട്ടറി സ്ഥാനം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ക്ക് ആധിപത്യമുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അഖില ഭാരത വിദ്യാര്‍ഥി പരിഷത്തിന് (എബിവിപി) നേട്ടം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പ്രധാനസ്ഥാനങ്ങളില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എഐഎസ്എ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(ഡിഎസ്എഫ്), എന്നീ ഇടതുവിദ്യാര്‍ഥി സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ വിജയം നേടിയപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനം പിടിച്ചെടുത്ത് എബിവിപി ഒന്‍പത് കൊല്ലത്തെ നഷ്ടം നികത്തി. മുഖ്യസ്ഥാനങ്ങളില്‍ വോട്ടുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ എബിവിപി, ഇടതാധിപത്യത്തിന് വെല്ലുവിളിയായി. 42 കൗണ്‍സിലര്‍ സീറ്റുകളില്‍ 24 എണ്ണത്തിലും തങ്ങൾ വിജയം നേടിയതായി എബിവിപി അവകാശപ്പെട്ടു. ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല.
എഐഎസ്എയുടെ നിതീഷ് കുമാര്‍ 1,702 വോട്ടുകള്‍ നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എബിവിപി സ്ഥാനാര്‍ഥിയായ ഷിഖ സ്വരാജ് 1,430 വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ എസ്എഫ്‌ഐ പിന്തുണയോടെ മത്സരിച്ച തയബ്ബ അഹമ്മദ് 918 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഡിഎസ്എഫ് സ്ഥാനാര്‍ഥിയായ മനീഷ 1150 വോട്ടുകളോടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് വിജയം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എബിവിപിയുടെ നിറ്റു ഗൗതമിന് 1,116 വോട്ടുകള്‍ നേടാനായി. ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയ ഡിഎസ്എഫിന്റെ മുന്‍തേഹ ഫാത്തിമ 1,520 നേടിയാണ് വിജയം കരസ്ഥമാക്കിയത്. എബിവിപിയുടെ കുനാല്‍ റായി നേടിയത് 1406 വോട്ടുകളാണ്.
ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് അട്ടിമറിവിജയം നേടിയ എബിവിപിയുടെ വൈഭവ് മീണ 1,518 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എഐഎസ്എയുടെ നരേഷ് കുമാര്‍ 1,433 വോട്ടുകളാണ് നേടിയത്. പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (പിഎസ്എ) സ്ഥാനാര്‍ഥി നിഗം കുമാരി 1256 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. 2015-16 ന് ശേഷം ആദ്യമായാണ് പ്രധാനസ്ഥാനങ്ങളിലൊന്നില്‍ എബിവിപിയ്ക്ക് വിജയം നേടാനായത്.
ഏപ്രില്‍ 25-ന് നടന്ന തിരിഞ്ഞെടുപ്പില്‍ 7,906 യോഗ്യരായ വിദ്യാര്‍ഥികളില്‍ 5,500 പേരാണ് വോട്ടുചെയ്തത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ഇടതുവിദ്യാര്‍ഥിസംഘടനകളില്‍ ഭിന്നിപ്പ് പ്രകടമായിരുന്നു. എഐഎസ്എയും ഡിഎസ്എഫും ഒരുമിച്ച് മത്സരരംഗത്തെത്തിയപ്പോള്‍ എഎഫ്‌ഐ മറ്റ് ഇടതുചായ്‌വുള്ള സംഘടനകളുമായി സഖ്യത്തിലെത്തി. എബിവിപി ഒറ്റയ്ക്കാണ് മത്സരിച്ചത്.
Content Highlights: ABVP secures Joint Secretary post in JNU student union elections