ജിതന്‍ റാം മഞ്ചി എന്‍.ഡി.എയിലേക്ക് മടങ്ങുമെന്ന് സൂചന

പട്ന: മുൻ ബിഹാർ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നേതാവുമായ ജിതൻ റാം മഞ്ചി എൻ.ഡി.എയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ഓഗസ്റ്റ് 20ന് ശേഷം പുതിയ രാഷ്ട്രീയനീക്കം സംബന്ധിച്ച പ്രഖ്യാപനം മഞ്ചി നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
മഹാസഖ്യത്തിൽ സീറ്റ് പങ്കുവെയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ഏകോപനസമിതി രൂപവത്കരിക്കാൻ മഞ്ചി വളരെക്കാലമായി ആർ.ജെ.ഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കാത്തതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് പഴയ സഖ്യകക്ഷിയായ എൻ.ഡി.എയിലേക്ക് അദ്ദേഹം മടങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിനുള്ള സാധ്യതകൾ ജിതൻ റാം മഞ്ചി ആലോചിച്ചിരുന്നതായും ഒടുവിൽ ജെ.ഡി.യു വഴി അദ്ദേഹം എൻ.ഡി.എയിലേക്ക് മടങ്ങുകയാണെന്നും മഞ്ചിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ജെ.ഡി.യുവില്‍ ലയിക്കുകയോ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുകയോ ചെയ്യുമെന്നാണ് സൂചന.
ഹിന്ദുസ്ഥാനി അവാം മോർച്ച 10-12 സീറ്റുകൾ വരെ ജെഡിയുവിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. മഞ്ചിയുടെ പാർട്ടി ജെഡിയുവിൽ ലയിക്കുമോ അതോ സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ മഞ്ചിയുടെ തിരിച്ചുവരവ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഒരു ജെ.ഡി.യു നേതാവ് വ്യക്തമാക്കി.
content highlights:Jitan Ram Manjhi likely to return to NDA fold
Content Highlights: