ലോകറെക്കോർഡുമായി ജിയോ ഐപിഒ; ലഭിച്ചത് ഒരു കോടിയിലേറെ അപേക്ഷകൾ, മറികടന്നത് വാരി എനർജീസിനെ

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ജിയോ പ്ലാറ്റ്ഫോംസിന്റെ മെഗാ ഐപിഒ. ഇന്ത്യൻ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി ഒരു ഐ.പി.ഒയ്ക്ക് ഒരുകോടിയിലേറെ അപേക്ഷകൾ ലഭിച്ചു. ആഗോളതലത്തിലുള്ള റെക്കോർഡാണ് ഇതെന്നാണ് റിപ്പോർട്ട്. ഐപിഒയുടെ മൂന്നാമത്തെയും അവസാനത്തെയും ദിനമായ വെള്ളിയാഴ്ചയാണ് ജിയോയുടെ 30,213 കോടി രൂപയുടെ പബ്ലിക് ഇഷ്യൂ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ 1,00,15,118 അപേക്ഷകളാണ് ലഭിച്ചത്. മൊത്തത്തിൽ 6.89 ഇരട്ടി സബ്സ്ക്രിപ്ഷനും ഐ.പി.ഒ നേടിയിട്ടുണ്ട്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്സ് (ക്യുഐബി) വിഭാഗത്തിൽ 14.38 ഇരട്ടി ഡിമാൻഡാണ് അനുഭവപ്പെട്ടത്.
2024 ഒക്ടോബറിലെ വാരി എനർജിസ് ഐ.പി.ഒയ്ക്ക് ലഭിച്ച 97.3 ലക്ഷം അപേക്ഷകളുടെ റെക്കോർഡാണ് ജിയോ ഇപ്പോൾ മറികടന്നിരിക്കുന്നത്. ആദ്യ ദിനം തന്നെ 30.5 ലക്ഷം അപേക്ഷകൾ നേടിയ ജിയോ, രണ്ടാം ദിനം അവസാനിച്ചപ്പോഴേക്കും 75 ലക്ഷം കടന്നിരുന്നു. തുടർന്നാണ് ഇന്ന് ചരിത്രപരമായ ഒരുകോടി എന്ന നാഴികക്കല്ല് പിന്നിട്ടത്.
ജിയോ ഐപിഒയിൽ എല്ലാ പ്രധാന നിക്ഷേപക വിഭാഗങ്ങളിലും മികച്ച പ്രതികരണമാണ് പ്രകടമായത്. നോൺ-ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സ് (എൻഐഐ) വിഭാഗം 9.38 ഇരട്ടിയും റീട്ടെയിൽ വിഭാഗം 2.07 ഇരട്ടിയും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ജീവനക്കാരുടെ വിഭാഗം 2.48 ഇരട്ടിയും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്കായി മാറ്റിവെച്ച വിഭാഗം 5.68 ഇരട്ടിയും സബ്സ്ക്രിപ്ഷൻ നേടി. എല്ലാ വിഭാഗങ്ങളും ഇതിനോടകം പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു കഴിഞ്ഞു.
ഒക്ടോബർ 21-ന് ആരംഭിച്ച ജിയോ ഐ.പി.ഒ ആദ്യ ദിവസം തന്നെ 3.16 ഇരട്ടിയും രണ്ടാം ദിവസം 5.57 ഇരട്ടിയും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വൈകുന്നേരം 7 മണി വരെ ബിഡ് ചെയ്യാം എന്നതിനാൽ, വിപണി അടയുന്നതിന് മുൻപ് അപേക്ഷകളുടെ എണ്ണത്തിലും സബ്സ്ക്രിപ്ഷനിലും ഇനിയും വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Jio Platforms' ₹30,213-crore mega IPO script historical success by crossing over one crore applications on its final day, shattering the previous record held by Waaree Energies in the Indian stock market.