ചെരിപ്പും ഷൂസുമില്ല, സാരിയുടുത്ത് 6 മിനുട്ടിൽ ഓടിത്തീർത്തത് 1600 മീറ്റർ, അമ്പരന്ന് കാണികൾ; കവിതയ്ക്കിത് സ്വപ്നത്തിലേക്കുള്ള ദൂരം

#ന്യൂസ് ഡെസ്ക്
പരിശീലന മത്സരത്തിനിടെ കവിത
പരിശീലന മത്സരത്തിനിടെ കവിത

സ്വപ്‌നജോലി സ്വന്തമാക്കാൻ കായികക്ഷമതാ പരശീലനത്തിൽ സാരിയുടുത്ത് നഗ്നപാദയായി 1600 മീറ്റർ ഓട്ടമത്സരം പൂർത്തിയാക്കി ജാർഖണ്ഡിൽ നിന്നുള്ള യുവതി. രാംഗഢ് ജില്ലയിൽ നിന്നുള്ള കവിത മഹാതോ എന്ന യുവതിയാണ് കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കവിതയുടെ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. ഇഷ്ടികച്ചൂളയിലെ തൊഴിലാളിയായ 27 വയസ്സുകാരിയായ കവിത മഹാതോ ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റിനായി തയ്യാറെടുക്കുകയാണ്. അതിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് അസാമാന്യ പ്രകടനം കാഴ്ചവെച്ചത്.

ജാർഖണ്ഡിലെ രാംഗഢ് ജില്ലയിലുള്ള സോസോ ഗ്രാമവാസിയാണ് കവിത. മൂന്ന് വർഷം മുമ്പ് രോഗബാധയെ തുടർന്ന് ഭർത്താവ് ദീപക് മഹാതോ മരണപ്പെട്ടതോടെയാണ് കവിതയുടെ ജീവിതം പ്രതിസന്ധിയിലായത്. തന്റെ രണ്ട് പിഞ്ചുകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത കവിത സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കുടുംബത്തിന് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ഒരു സർക്കാർ ജോലി നേടണമെന്ന ലക്ഷ്യത്തോടെ കവിത ഹോം ഗാർഡ്, പോലീസ് റിക്രൂട്ട്മെന്റുകൾക്കായി തയ്യാറെടുക്കാൻ തുടങ്ങി. റണ്ണിങ് ഷൂസോ കായിക വസ്ത്രങ്ങളോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാതിരുന്ന കവിത, കുട്ടികൾ ഉണരുന്നതിന് മുമ്പ് ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് സാധാരണ വസ്ത്രങ്ങൾ ധരിച്ചുതന്നെ ഗ്രാമത്തിലെ റോഡുകളിലൂടെ ഓട്ട പരിശീലനം നടത്തുകയായിരുന്നു.

ഔദ്യോഗിക സെലക്ഷൻ ഡ്രൈവിന് മുന്നോടിയായി പ്രാദേശിക ട്രെയിനിങ് അക്കാദമി സംഘടിപ്പിച്ച പരീക്ഷണ ഓട്ടത്തിലാണ് കവിത പങ്കെടുത്തത്. കടുത്ത ചൂടിൽ ചെരിപ്പോ ഷൂസുകളോ ധരിക്കാതെ സാരി ഉടുത്ത് ഓടിയ കവിത 1600 മീറ്റർ ദൂരം വെറും 6 മിനിറ്റിൽ പൂർത്തിയാക്കി ഒന്നാമതായി ഫിനിഷിങ് ലൈൻ കടന്നു. 10 മിനുട്ടാണ് അനുവദിച്ചിരുന്നത്. കവിതയുടെ ദൃഢനിശ്ചയവും പ്രകടനവും കണ്ട് കണ്ടുനിന്നവരും പരിശീലകരും ഒരുപോലെ അമ്പരന്നു.

ഒക്ടോബർ 24 മുതൽ നവംബർ 5 വരെ നടക്കുന്ന ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക കായികക്ഷമതാ പരിശോധനയ്ക്കായുള്ള തീവ്രമായ തയ്യാറെടുപ്പിലാണ് കവിതയിപ്പോൾ. രാംഗഢ് ജില്ലയിലെ 284 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതിൽ 50 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. കൂടാതെ വിധവകൾക്കും വിവാഹമോചിതർക്കും 5 ശതമാനം പ്രത്യേക സംവരണാനുകൂല്യവുമുണ്ട്. 

കവിതയുടെ പ്രകടനത്തിൽ നിരവധി പേർ ആശംസകളും അഭിനന്ദനവുമറിയിച്ച് എത്തിയിട്ടുണ്ട്. ദീപാ മാഞ്ചി എം.എൽ.എ കവിത മഹാതോയ്ക്ക് ആശംസകളുമായി രംഗത്തെത്തി. ഏത് ദൗത്യവും കൃത്യമായ സമർപ്പണത്തോടെ പൂർത്തിയാക്കാൻ സ്ത്രീകൾക്ക് ശേഷിയുണ്ടെന്ന് ദീപാ മാഞ്ചി പറഞ്ഞു. കവിതയെപ്പോലുള്ള വനിതകളെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും ജാർഖണ്ഡ് സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്രയും കഠിനമായ ഒരു ഫിസിക്കൽ ടെസ്റ്റ് സാരി ധരിച്ച് തന്നെ പൂർത്തിയാക്കാൻ കാണിച്ച കവിതയുടെ മനോധൈര്യവും കഴിവും ഏറെ എടുത്തുപറയേണ്ടതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Content Highlights: 27-year-old Kavita Mahato from Ramgarh, Jharkhand, completed a 1600-meter run in just 6 minutes., She practiced and ran barefoot while wearing a traditional saree, without professional running gear., A widowed mother of two, she works as a private security guard and brick kiln worker to support her family., She is preparing for the official Jharkhand Home Guard physical fitness test taking place from October 24 to November 5., MLA Deepa Manjhi and social media users praised her extraordinary determination and courage.