‘നിതീഷിനായി 9 പേരെ കൊന്നു’; വൻ വെളിപ്പെടുത്തലുമായി JDU MLA, പൊട്ടിത്തെറി സീറ്റുതർക്കത്തെത്തുടർന്ന്

#ന്യൂസ് ഡെസ്ക്
നിതീഷ് കുമാർ, അനന്ത് കുമാർ സിങ് | ഫോട്ടോ - എ.എൻ.ഐ.
നിതീഷ് കുമാർ, അനന്ത് കുമാർ സിങ് | ഫോട്ടോ - എ.എൻ.ഐ.

ന്യൂഡൽഹി: ബിഹാർ മുൻമുഖ്യമന്ത്രി നിതീഷ് കുമാറിനുവേണ്ടി ഒൻപതുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു.) എം.എൽ.എ. അനന്ത്കുമാർ സിങ്ങിന്റെ വെളിപ്പെടുത്തൽ. വരാനിരിക്കുന്ന നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള അതൃപ്തിയാണ് അനന്ത്കുമാർ സിങ്ങിനെ പ്രകോപിപ്പിച്ചത്. അതേസമയം അനന്ത്കുമാറിന്റെ പ്രസ്താവന തള്ളിയ ജെ.ഡി.യു., ഇത്തരം പ്രസ്താവനകൾ ഗൗരവമായി കാണേണ്ടതില്ലെന്നും അറിയിച്ചു. അനന്ത്കുമാറിന്റെ പരാമർശം ബിഹാറിൽ വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

'നിതീഷ്കുമാറും ഞാനും തമ്മിലുള്ള ബന്ധത്തിന് നീണ്ടകാലത്തെ പഴക്കമുണ്ട്. അദ്ദേഹത്തെ സഹായിക്കാനായി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി. അദ്ദേഹം രാഷ്ട്രീയത്തിൽ വേരൂന്നാൻ ബുദ്ധിമുട്ടിയിരുന്ന കാലത്തും ഞാൻ അദ്ദേഹത്തോടൊപ്പമുണ്ട്,' എന്നായിരുന്നു അനന്ത് കുമാറിന്റെ പ്രസ്താവന. മുൻകാല രാഷ്ട്രീയ വൈരങ്ങളും അദ്ദേഹം പരാമർശിച്ചു. നേരത്തേ നീരജ്കുമാർ തനിക്കെതിരേ നിലപാടെടുത്തിരുന്നെന്നും അങ്ങനെയൊരാളുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കേ എന്തിനാണ് പാർട്ടി അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയതെന്നും അനന്ത്കുമാർ ചോദിച്ചു.

അനന്ത്കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) രംഗത്തെത്തി. രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നകാര്യം അനന്ത്കുമാർ സമ്മതിച്ചിരിക്കുകയാണെന്ന് ആർ.ജെ.ഡി. ആരോപിച്ചു. 'നിതീഷ്കുമാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഒൻപത് കൊലപാതകങ്ങളെക്കുറിച്ചാണ് അനന്ത്കുമാർ സിങ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. നിതീഷ്കുമാറിനുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. പാർട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളിൽനിന്നുള്ള സമ്മർദത്തെത്തുടർന്ന് പ്രസ്താവന തിരുത്തുകയോ മാറ്റിപ്പറയുകയോ ചെയ്താലും, ബിഹാറിലുടനീളമുള്ള കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടാണ് നിതീഷ്‌കുമാർ അധികാരം കെട്ടിപ്പടുത്തതെന്ന വസ്തുത നിലനിൽക്കുന്നില്ലേ?' ആർ.ജെ.ഡി. നേതാവ് ശക്തി സിങ് യാദവ് ചോദിച്ചു. മോത്തിഹാരി, മുസഫർപുർ, വൈശാലി, മൊകാമ തുടങ്ങിയ പ്രദേശങ്ങളിലെ കുപ്രസിദ്ധ സംഘാംഗങ്ങളെല്ലാം നിതീഷ്കുമാറിനൊപ്പമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം വലിയ രാഷ്ട്രീയവിവാദമായതോടെ അനന്ത്കുമാർ തന്റെ പരാമർശം തിരുത്തി. ഇത്തവണ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഭരണകാലത്തേക്ക് ചാർത്തുകയായിരുന്നു അദ്ദേഹം. 'ഞാൻ നീരജ്കുമാറിന് മറുപടിനൽകുകമാത്രമാണ് ചെയ്തത്. അദ്ദേഹത്തോട് ഞാൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ലാലു യാദവിന്റെ ഭരണകാലത്ത് എന്റെ ഒൻപത് അനുയായികൾ കൊല്ലപ്പെട്ടു. എനിക്കുനേരെയും വെടിവയ്പ്പുണ്ടായി. ഞങ്ങൾ നിതീഷ്‌കുമാറിനൊപ്പം നിന്നതുകൊണ്ടാണ് ലാലു അവരെ കൊലപ്പെടുത്തിയത്,' അനന്ത്കുമാർ പറഞ്ഞു.