സഞ്ജയ് കുമാറിന് നീതി വേണം; ജന്തർ മന്തർ അതിക്രമത്തിനെതിരെ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി CJP

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകനായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി പാർട്ടി. സഞ്ജയ് കുമാറിന് നീതി ഉറപ്പാക്കണമെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി സഹ കൺവീനർ അശുതോഷ് രങ്ക, വക്താവ് സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിായാഴ്ച രാവിലെ പത്ത് മണിക്ക് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. സമാധാനപരമായി പ്രതിഷേധിച്ച സഞ്ജയിനെ വധിക്കാൻ ശ്രമിച്ചവർക്കെതിരെയും അവരെ സംരക്ഷിക്കുന്ന ഡൽഹി പൊലീസിനെതിരെയും രാജ്യസ്‌നേഹികൾ ഒന്നിക്കണമെന്ന് പാർട്ടി ആഹ്വാനം ചെയ്തു.
ഈ കേസിൽ രാഷ്ട്രീയമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന വൻ ആരോപണങ്ങളാണ് സി.ജെ.പി ഉയർത്തുന്നത്. സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്തുവെന്നും വധശ്രമക്കേസ് (വകുപ്പ് 307) ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടുവെന്നും ഹിന്ദുത്വ 'ഇൻഫ്ലുവൻസർ' എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോയിലൂടെ അവകാശവാദമുന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ, ഡൽഹി മന്ത്രി കപിൽ മിശ്ര എന്നിവർ തന്റെ മൂത്ത സഹോദരന്മാരെപ്പോലെയാണെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും ഭരദ്വാജ് ഈ വീഡിയോയിൽ പറയുന്നുണ്ട്. ഭരദ്വാജിനെ സ്റ്റേഷനിൽ നിന്നും വിട്ടയക്കാനും കർശനമായ വകുപ്പുകൾ ചുമത്തുന്നത് തടയാനും മന്ത്രി കപിൽ മിശ്ര ഡൽഹി പൊലീസിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായി സി.ജെ.പി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.
🚨#Announcement
From Day 1, we have not let any student or protester fight this battle alone.
Nishu’s father Sanjay ji’s case is harrowing. Gang members like Swatantra Bhardwaj are openly flaunting that they attempted murder on Sanjay ji who was simply peacefully protesting…— Saurav Das (@SauravDassss) September 3, 2026
ആക്രമണത്തിൽ സഞ്ജയുടെ തലയോട്ടി പിളരുകയും 60 തുന്നലുകൾ ആവശ്യമായി വരികയും ചെയ്തിട്ടും വധശ്രമ വകുപ്പായ 307 ചുമത്താൻ പോലീസ് തയ്യാറായില്ലെന്ന് സൗരവ് ദാസ് പറഞ്ഞു. നിഷുവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടും ഈ ആക്രമണത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ തിരിച്ചറിയാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും സി.ജെ.പി ആരോപിക്കുന്നു.
എന്നാൽ സഞ്ജയ് കുമാറിന്റെ തലയോട്ടി തകർന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡൽഹി പോലീസ് ഈ വാദങ്ങളെ തള്ളി. ജൂൺ 23-ന് സി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടയിലെ പിടിവലിയിലാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ സഞ്ജയ്ക്ക് പരിക്കേറ്റതെന്നാണ് പോലീസിന്റെ വാദം. ഒരാൾ ധരിച്ചിരുന്ന ലോഹ വള തട്ടിയാണ് തലയിൽ പരിക്കേറ്റതെന്നും ഇത് മാരകായുധം കൊണ്ടുള്ള മുറിവല്ലെന്നും ആർ.എം.എൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇത് ഗുരുതരമല്ലാത്ത പരിക്കാണെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കേസിൽ സ്വതന്ത്ര ഭരദ്വാജ് (21), സൂരജ് കുമാർ (24) എന്നിവരെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ചോദ്യം ചെയ്ത് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
Content Highlights: Cockroach Janta Party (CJP) plans a visit to Parliament Street Police Station to demand action against Swatantra Bhardwaj. Bhardwaj allegedly boasted about assaulting Sanjay Kumar, father of student protester Nishu, during a Jantar Mantar protest. CJP accused Delhi Police of failing to apply stringent charges and alleged political interference involving Kapil Mishra.