‘സമരക്കാർ വിശന്നിരിക്കരുത്’; ജന്തർ മന്തറിലേക്ക് ഭക്ഷണം അയച്ച് ‘അജ്ഞാതർ’, ഓൺലൈൻ ഡെലിവറിക്ക് തിരക്ക്

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണമയച്ച് 'അജ്ഞാതർ'. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ മുഖേനയാണ് ആളുകൾ ഭക്ഷണമയച്ച് തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. ദൂരദേശങ്ങളിൽ ഇരിക്കുന്നവർക്ക് സമരത്തിന്റെ ഭാഗമാകാനുള്ള ഒരു മാർഗമായാണ് ഈ പ്രവൃത്തിയെ കാണുന്നത്.സമരക്കാർക്ക് കൊടുക്കൂവെന്ന സന്ദേശത്തോടെയാണ് ഭക്ഷണത്തിനുള്ള ഓർഡർ ലഭിക്കുന്നതെന്ന് ഫുഡ് ഡെലിവറിക്കെത്തിയ ജീവനക്കാർ പറഞ്ഞു. 

സമരരംഗത്തുള്ള വിദ്യാർത്ഥികൾ വിശന്നിരിക്കരുത് എന്ന ആഗ്രഹത്താലാണ് അപരിചിതരായ ആളുകൾ പോലും ഓൺലൈൻ ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത്. മഹാരാഷ്ട്രയിൽ നിന്നും ഹൈദരാബാദിൽ നിന്നും വരെ സ്വിഗ്ഗി ,സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ആളുകൾ വെജിറ്റേറിയൻ താലികൾ, പിസ്സ, ബർഗർ എന്നിവയും ഒപ്പം വെള്ളവും മരുന്നുകളും സമരപ്പന്തലിലേക്ക് അയക്കുന്നുണ്ട്.

ജന്തർ മന്തറിലെ സമരക്കാർക്ക് ഭക്ഷണത്തിന് പുറമെ അത്യാവശ്യ മരുന്നുകളും ധാരാളം കുടിവെള്ള കുപ്പികളും സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്. ഇവയെല്ലാം സമരപ്പന്തലിൽ പൊതുവായി വെച്ചിട്ടുണ്ടെന്നും സഹായം ആവശ്യമുള്ള ആർക്കും ഇവ ഉപയോഗിക്കാമെന്നും സിജെപി നേതൃത്വം പറഞ്ഞു. നിലവിൽ ആവശ്യത്തിന് ഭക്ഷണസാധനങ്ങൾ ലഭിച്ചതിനാൽ കൂടുതൽ അയക്കരുതെന്നും അവർ അറിയിച്ചു. സമരക്കാർക്ക് ആവശ്യമായ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ സിഖ് സമൂഹം ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്കും മറ്റും താമസിക്കാൻ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ സൗകര്യവുമുണ്ട്.

ഭക്ഷണം അയച്ചുകൊണ്ടുള്ള സമരത്തെ പിന്തുണയ്ക്കലിനെ അനുകൂലിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾ സജീവമാണ്.

Content Highlights: Supporters are using Swiggy and Zomato to deliver food to Jantar Mantar protesters., Essential items like medicine and water are being provided by various groups., Protest leaders have requested a pause on food deliveries due to sufficient stock., Sikh community is providing first aid and shelter at Gurudwara Bangla Sahib.