ഹരിയാണയിൽ ദുഷ്യന്തിനെ പ്രതിസന്ധിയിലാക്കി സ്വന്തം എംഎൽഎമാർ; നാലുപേർ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി

ദുഷ്യന്ത് ചൗട്ടാല, മനോഹര്‍ലാല്‍ ഖട്ടര്‍ | Photo: PTI
ദുഷ്യന്ത് ചൗട്ടാല, മനോഹര്‍ലാല്‍ ഖട്ടര്‍ | Photo: PTI

ചണ്ഡിഗഢ്: ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഹരിയാണയില്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് രംഗത്തെത്തിയ മുന്‍സഖ്യകക്ഷിനേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് തലവേദനയായി സ്വന്തം എം.എല്‍.എമാര്‍. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ ബണ്ഡാരു ദത്താത്രേയയ്ക്ക് കത്തുനല്‍കിയതിന് പിന്നാലെ, നാലോളം എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ആശയവിനിമയത്തിലാണെന്ന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഹരിയാണ മന്ത്രി മഹിപാല്‍ ഢംഡയുടെ പാനിപത്തിലെ വീട്ടില്‍വെച്ച് നാല് എം.എല്‍.എമാര്‍ മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ മനോഹര്‍ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയെന്ന്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച യോഗം അരമണിക്കൂറോളം നീണ്ടുനിന്നു. ഖട്ടറിനുപുറമെ ഢംഡ മാത്രമേ കൂടിക്കാഴ്ചയിലുണ്ടായിരുന്നുള്ളൂ. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഢംഡ തയ്യാറായില്ല.

ബി.ജെ.പി. നേതാക്കളുമായി ചേര്‍ന്ന് വിവിധ മണ്ഡലങ്ങളില്‍ തങ്ങളുടെ എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജെ.ജെ.പി. മാധ്യമ കോ-ഓര്‍ഡിനേറ്റര്‍ ദീപ്കമല്‍ സഹറാന്‍ പറഞ്ഞു. എന്നാല്‍, അവര്‍ പാര്‍ട്ടി മാറിയാല്‍ ബി.ജെ.പി. കേഡര്‍മാരില്‍നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടിവരുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണപിന്‍വലിച്ചതോടെയാണ് ഹരിയാണയിലെ നയാബ് സിങ് സൈനി സര്‍ക്കാരിന്റെ ആശങ്കയിലായത്. സോംബിര്‍ സങ്വാന്‍, രണ്‍ധീര്‍ സിങ് ഗോലന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് ചൊവ്വാഴ്ച സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനംചെയ്ത് ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) നേതാവ് ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ഏതുനീക്കത്തിനും പിന്തുണ നല്‍കുമെന്ന് ഹരിയാണ മുന്‍ ഉപമുഖ്യമന്ത്രികൂടിയായിരുന്ന ചൗട്ടാല പറഞ്ഞു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ജെ.ജെ.പി.ക്ക് സഭയില്‍ 10 അംഗങ്ങളുണ്ട്.

Content Highlights: Dushyant Chautala Faces Split In Party