നൗഗാം പോലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: മരണസംഖ്യ 9 ആയി, അട്ടിമറി സംശയിക്കുന്നു

#ന്യൂസ് ഡെസ്ക്
Photo : X
Photo : X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി ( എസ്‌ഐഎ) ഉദ്യോഗസ്ഥര്‍ പരിശോധന സമയത്ത് പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നതായി സൂചനയുണ്ട്. പോലീസുകാരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കളുടെ പൊട്ടിത്തെറിയിലെ അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

13 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മില്‍ ഷക്കീല്‍ ഹരിയാണയിലെ ഫരീദാബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് മുസമ്മില്‍ ഷക്കീലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയുടെ പരിശോധനക്കിടെയായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് തീയാളിപ്പടരുകയും പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. 30 കിലോമീറ്ററോളം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടത് പെട്ടിത്തെറിയുടെ തീവ്രത വ്യക്തമാക്കുന്നു.

സംഭവസ്ഥലത്ത് നിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. ജെയ്‌ഷെ മുഹമ്മദിന്റെ നിഴല്‍ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

നേരത്തെ ഫരീദാബാദ് കേന്ദ്രീകരിച്ച് വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളിനെതിരെ തുടങ്ങിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഈ സംഘത്തിന്റെ ഭാഗമായിരുന്ന ഡോക്ടര്‍ ഉമര്‍ ഉന്‍ നബിയാണ് ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ പകുതിയോടെ നൗഗാമില്‍ ഭീഷണി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണമാണ് ഈ ഭീകരവാദ മൊഡ്യൂളിലേക്ക് എത്തിയത്. ഈ കേസില്‍ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മൗലവി ഇര്‍ഫാന്‍ അഹമ്മദ്, ഡോക്ടര്‍മാരായ മുസമ്മില്‍ ഷക്കീല്‍ , ഷഹീന്‍ സയീദ് എന്നിവരുമുള്‍പ്പെടുന്നു.

Content Highlights: Nine people died & dozens injured in a devastating explosion at a J&K police station. Investigation underway into the seized explosives.