ജമ്മു കശ്മീരിൽ കുൽഗാമിൽ ഭീകരാക്രമണം; ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഒരു ഇഷ്ടികച്ചൂളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിൽ നിന്നുള്ള രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.
കുൽഗാമിലെ കെല്ലം പ്രദേശത്തെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ഇന്ത്യാ ടുഡേ’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപെടുകയും ചെയ്തു.
ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ട ദീപക്കിന്റെ മൃതദേഹം പിന്നീട് നടപടികൾക്കായി മാറ്റി. ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദറിനെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും (ജി.എം.സി.) മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണവിവരമറിഞ്ഞ് സുരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞ് ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. അനന്ത്നാഗ് നഗരത്തിൽ ഭീകരർ ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് പത്തു ദിവസത്തിനകമാണ് ആക്രമണം.