'വെറും അറസ്റ്റല്ല, അതിലും വലുത്'; കെജ്‌രിവാളിനെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നെന്ന് സഞ്ജയ് സിങ്

അരവിന്ദ് കെജ്രിവാള്‍ | Photo:PTI
അരവിന്ദ് കെജ്രിവാള്‍ | Photo:PTI

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കാനായി വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ജയിലില്‍ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് റോസ് അവന്യൂ കോടതിയില്‍ ഹാജരായ സഞ്ജയ്, മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

'കെജ്‌രിവാള്‍ ജിയെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. വെറും അറസ്റ്റല്ല, അതിലും വലുതാണ് കെജ്‌രിവാളിനോട് ഈ മനുഷ്യര്‍ ചെയ്യുക', സഞ്ജയ് സിങ് പറഞ്ഞു. ഇതിന്റെ വീഡിയോ ആം ആദ്മി പാര്‍ട്ടി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. 

കഴിഞ്ഞ മാസമാണ് ഡൽഹി മദ്യനയക്കേസില്‍ ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയില്‍ മണിക്കൂറുകളോളം നടത്തിയ റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ്. 

മദ്യനയ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ സമന്‍സ് തള്ളിയിരുന്നു.

Content Highlights: jailed AAP leader alleged that there was a conspiracy to “trap” Arvind Kejriwal