'വാൻസുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമം; ധൻകറിന്റേത് മോശം പെരുമാറ്റം, ഫോട്ടോ വെക്കണമെന്ന് ആവശ്യം'

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള ജഗ്ദീപ് ധന്‍കറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ അതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ദേശീയരാഷ്ട്രീയത്തില്‍ സജീവമാണ്. ആരോഗ്യകാരണം ചൂണ്ടിക്കാണിച്ചാണ് ധന്‍കറിന്റെ രാജിയെങ്കിലും വാസ്തവം അതാണോയെന്ന സംശയം പലകോണില്‍നിന്നും ഉയരുന്നുണ്ട്. ഉപരാഷ്ട്രപതിസ്ഥാനത്തുനിന്നുള്ള ധന്‍കറിന്റെ പടിയിറക്കത്തിന് പിന്നിൽ ഒരു കാരണം മാത്രമല്ല ഉള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടെെംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചായി ധന്‍കറിനും കേന്ദ്രസര്‍ക്കാരിനുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂപംകൊണ്ടിരുന്നെന്നാണ് സൂചന.
രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ ഇവയൊക്കെയെന്ന് സൂചന
1. കേന്ദ്രസര്‍ക്കാരിലെ കാബിനറ്റ് മന്ത്രിമാരോട് ധന്‍കര്‍ പരുഷമായാണ് പെരുമാറിയിരുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു. അദ്ദേഹം മന്ത്രിമാരെ അപമാനിച്ചിരുന്നു. കാബിനറ്റ് പദവി വഹിക്കുന്ന, വനിതാമന്ത്രി ഉള്‍പ്പെടെയുള്ള അഞ്ച് ഉന്നത മന്ത്രിമാരെ സംഭാഷണമധ്യേ അപമാനിച്ചിട്ടുണ്ടെന്നും ഉന്നതവൃത്തങ്ങള്‍ പറയുന്നു.
2. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി മറ്റൊരു സംഭവം നടന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. താന്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആണെന്നും വാന്‍സിന്റെ പദവിയോട് തത്തുല്യനായതിനാല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ധൻകർ അറിയിച്ചു. തുടര്‍ന്ന് ഒരു മുതിര്‍ന്ന കാബിനറ്റ് മന്ത്രി ധന്‍കറിനെ വിളിച്ചു. വാന്‍സ് വൈസ് പ്രസിഡന്റ് ആണെങ്കിലും അദ്ദേഹം പ്രസിഡന്റ് ട്രംപിന്റെ പ്രധാനമന്ത്രി മോദിക്കുള്ള സന്ദേശവുമായി എത്തിയതാണെന്ന് ധന്‍കറിനെ അറിയിച്ചു.
3. മന്ത്രിമാരുടെ ഓഫീസില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ക്കൊപ്പം തന്റെ ചിത്രംകൂടി സ്ഥാപിക്കണമെന്നും ധന്‍കര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
4. തന്റെ ഫ്‌ളീറ്റിലെ മുഴുവന്‍ കാറുകളും മേഴ്‌സിഡസിന്റേതാക്കണമെന്നും ധന്‍കര്‍ പലകുറി ആവശ്യപ്പെട്ടിരുന്നുവെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു.
5. ജസ്റ്റിസ് യശ്വന്ത് വര്‍മ കേസുമായി ബന്ധപ്പെട്ട് ധന്‍കര്‍, പ്രതിപക്ഷവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ആരോപണമുണ്ട്. ജസ്റ്റിസ് വര്‍മയെ നീക്കാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ്, കേന്ദ്രത്തെയും പാര്‍ലമെന്ററികാര്യ മന്ത്രിയെയും അറിയിക്കാതെ സഭയിലെത്തിയതും ധന്‍കറും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തി.
ധന്‍കര്‍, രാഷ്ട്രപതി ഭവനിലെത്തിയത് മുന്‍കൂര്‍ അനുമതി തേടാതെ പൊടുന്നനെ ആയിരുന്നെന്നും ഇതുകണ്ട് രാഷ്ട്രപതി ഭവനിലെ ജീവനക്കാര്‍ അമ്പരന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കാന്‍ ധന്‍കര്‍ എത്തിയത് വൈകുന്നേരമായിരുന്നു. മുന്നറിയിപ്പില്ലാതെ എത്തിയതിനെ തുടര്‍ന്ന് രാഷ്ട്രപതി തയ്യാറായി എത്തുന്നതിനായി ധന്‍കര്‍ 25 മിനിട്ടോളം കാത്തിരുന്നെന്നും അതിനുശേഷമാണ് രാജിക്കത്ത് കൈമാറിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
Content Highlights: jagdeep dhankar was not in good relation with government suggests report