പുരി ജഗന്നാഥ രഥയാത്രയിൽ തിക്കുംതിരക്കും: 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റതായി വിവരം. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ഭക്തർക്കിടയിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പരിക്കേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
തിരക്കിനിടയിൽ ശ്വാസംമുട്ടി ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത ജനത്തിരക്ക് മൂലം ശ്വാസതടസ്സം അനുഭവപ്പെട്ടവരെയാണ് എമർജൻസി ടീമുകൾ രക്ഷപ്പെടുത്തുകയും ചികിത്സയ്ക്കായി പുരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തത്.
സംഭവത്തിൽ ശ്വാസം മുട്ടി അബോധാവസ്ഥയിലായ ഒരാളെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ (DHH) എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌പെഷ്യൽ റെസ്‌ക്യൂ യൂണിറ്റ് (SRU) ഉടൻ തന്നെ സ്ഥലത്തെത്തി തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഭക്തരെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഗ്രാൻഡ് റോഡിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതർ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അടിയന്തര സേവനങ്ങൾക്കുമായി കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചു.
ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്ര വ്യാഴാഴ്ചയാണ് പുരിയിൽ ആരംഭിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതായി വിശ്വസിക്കുന്ന ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിചാ ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥൻ, ജ്യേഷ്ഠൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വാർഷിക രഥയാത്ര ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് ഒത്തുചേരാറുള്ളത്.
ശംഖുനാദത്തിനും താളമേളങ്ങൾക്കും ഇടയിൽ ചക്രരാജ് സുദർശനെയാണ് ആദ്യം പ്രധാന ക്ഷേത്രത്തിൽ നിന്ന് പുറത്തെടുത്ത് ദേവി സുഭദ്രയുടെ 'ദർപ്പദാലൻ' രഥത്തിൽ പ്രതിഷ്ഠിച്ചത്. 'ശൂന്യ പഹണ്ടി' എന്ന പ്രത്യേക ഘോഷയാത്രയിലൂടെ സുഭദ്ര ദേവിയുടെ വിഗ്രഹം രഥത്തിലേക്ക് എത്തിച്ചു. ഒടുവിൽ ജഗന്നാഥ ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിന് പുറത്തേക്ക് എടുത്തപ്പോൾ ഭക്തർ 'ജയ് ജഗന്നാഥ്' വിളികളുമായി ഗ്രാൻഡ് റോഡിൽ തടിച്ചുകൂടി. പിന്നാലെയാണ് അപകടം ഉണ്ടായത്.
Content Highlights: Stampede-like conditions reported on Bada Danda during Rath Yatra 2026. 120 devotees hospitalized due to suffocation and crowd pressure. One reported casualty under verification by authorities. Special Rescue Unit (SRU) deployed for emergency evacuation. Crowd management protocols tightened following the incident.