ഇസ്രയേൽ നസ്‌റള്ളയെ വധിച്ചത് പോലെ ഇന്ത്യയ്ക്ക് കഴിയുമോ; സാധിക്കുമെന്ന് ഉദാഹരണ സഹിതം വ്യോമസേനാ മേധാവി

എ.പി സിം​ഗ്
എ.പി സിം​ഗ്

ന്യൂഡൽഹി: ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് സമാനമായ ഓപ്പറേഷൻ ഇന്ത്യൻ വ്യോമസേന നേരത്തെ ചെയ്തിട്ടുണ്ടെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്.  2019 ഫെബ്രുവരി 26-ന് പാകിസ്താൻ അതിർത്തി കടന്ന് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിനെതിരെ നടത്തിയ ബാലാകോട്ട് ആക്രമണം അദ്ദേഹം ഉദാഹരിച്ചു. നസ്റള്ളയ്ക്ക് തുല്യനായ ഒരാളെ ഇല്ലാതാക്കാനുള്ള കഴിവ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ബാലാക്കോട്ട് സംഭവത്തെ ഓർമിപ്പിച്ചത്.  

ഇറാൻ വിക്ഷേപിച്ച 180 ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടഞ്ഞ ഇസ്രായേലിന്റെ  പ്രതിരോധ സംവിധാനമായ അയൺ ഡോമിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യക്കും സമാനമായ സംവിധാനങ്ങളുണ്ടെന്നും കൂടുതൽ വാങ്ങുന്നുണ്ടെന്നും എ.പി സിം​ഗ് പറഞ്ഞു. ഇന്ത്യ ഇസ്രായേലിനേക്കാൾ വലിയ രാജ്യമായതിനാൽ കൂടുതൽ പ്രതിരോധ മാർഗങ്ങൾ ആവശ്യമാണ്. അല്ലെങ്കിൽ, അത് സുപ്രധാന മേഖലകൾക്ക് മുൻഗണന നൽകുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് ഒരു തദ്ദേശീയ ആയുധ സംവിധാനം വേണമെന്ന് വ്യോമസേനാ മേധാവി വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ ആയുധങ്ങളെ ആശ്രയിക്കുന്നത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കും. അതിനെ തരണം ചെയ്യണമെങ്കിൽ ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടണമെന്നും എ.പി സിം​ഗ് പറഞ്ഞു.

തേജസ് വിമാനത്തിൻ്റെ വ്യത്യസ്ത പതിപ്പുകൾ കൃത്യസമയത്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാസിക്കിൽ എച്ച്എഎൽ രണ്ടാം നിര തയ്യാറാക്കുന്നുണ്ടെന്നും പ്രതിവർഷം 24 തേജസ് യുദ്ധവിമാനങ്ങൾ നിർമിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്വകാര്യ മേഖലയുടെ ചുവടുവെയ്പ്പ് ആവശ്യമായി വന്നേക്കാം. അല്ലെങ്കിൽ, ചില ബദൽ മാർഗങ്ങൾ നോക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. 

എന്താണ് ബാലാകോട്ട് ആക്രമണം

ജമ്മുകശ്മീരിലെ പുൽവാമയിൽ നേരിട്ട ഭീകരാക്രമണത്തിന് പന്ത്രണ്ടാംദിവസം ഇന്ത്യ പാകിസ്താന് നൽകിയ തിരിച്ചടിയായിരുന്നു ബാലാകോട്ട്. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങൾ അതിർത്തികടന്ന് ബാലാകോട്ടിലെ ഭീകരക്യാമ്പിൽ ബോംബുകൾ വർഷിച്ചു. ലേസർ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് കൃത്യമായി വഴികാട്ടുന്ന എസ് 2000 പ്രിസിഷൻ ഗൈഡഡ് ബോംബുകളാണ് ജെയ്‌ഷെ മുഹമ്മദ് താവളങ്ങൾക്ക് മുകളിൽ പതിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂര തുളച്ച് അകത്തുകയറി സ്ഫോടനം നടത്തി ആൾനാശമുണ്ടാക്കുന്ന ബോബുകളാണിവ. പാക്കധീന കശ്മീരിനോടുചേർന്നുള്ള ഖൈബർ പക്തൂൺ പ്രവിശ്യയിലുള്ള ബാലാകോട്ടിലെ നിബിഡവനത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരരുടെ പരിശീലനകേന്ദ്രത്തിന് മുകളിലാണ് ഇന്ത്യ ബോംബാക്രമണം നടത്തിയത്. മുന്നൂറോളം ഭീകരർ അവിടെയുണ്ടായിരുന്നെന്നാണ് മൊബൈൽഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് വന്ന വിവരം.

പുൽവാമ സംഭവം

2019 ഫെബ്രുവരി 14-നാണ് ജമ്മുകശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം നടത്തി 40 ജവാന്മാരെ കൊലപ്പെടുത്തിയ ഭീകരാക്രമണം നടന്നത്. ഇന്ത്യൻ സേനയ്ക്കു നേരെയുണ്ടായ എക്കാലത്തെയും ഏറ്റവും വലിയ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന് തിരിച്ചടി നൽകുമെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് അന്നുതന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം ദിവസം, ഫെബ്രുവരി 26-ന് ഇന്ത്യ മറുപടിനൽകുകയും ചെയ്തു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരീഭർത്താവ് മൗലാന യൂസഫ് അസ്ഹർ നിയന്ത്രിച്ചിരുന്ന ഭീകരക്യാമ്പാണ് ഇന്ത്യ തകർത്തത്.
 

Content Highlights: Can India strike enemies across border like Israel? IAF chief reacts, balakot strike, attack