റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍; വീണ്ടും അട്ടിമറി ശ്രമം? പോലീസ് അന്വേഷണം

ബതിന്‍ഡ: ട്രെയിന്‍ അട്ടിമറി ശ്രമം സംബന്ധിച്ച ആശങ്കയുയര്‍ത്തി വീണ്ടും ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തി. പഞ്ചാബിലെ ബതിന്‍ഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. ചരക്കുതീവണ്ടിയിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍ കിടക്കുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീവണ്ടി നിര്‍ത്തി അപകടമൊഴിവാക്കി. റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ബതിന്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ചരക്ക് തീവണ്ടിയുടെ പാതയില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തുന്നത്. ട്രാക്കിന്റെ മധ്യത്തിലാണ് ഇത് കിടന്നിരുന്നത്. ഇരുമ്പ് കമ്പികള്‍ മൂലം തീവണ്ടിക്ക് സിഗ്നല്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഒമ്പത് കമ്പികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസ് അനേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ മാസത്തില്‍ ഇത് അഞ്ചാം തവണയാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ സെപ്റ്റംബര്‍ 22 ന് റെയില്‍വേ ട്രാക്കില്‍ എല്‍.പി.ജി സിലിണ്ടര്‍ കണ്ടെത്തിയിരുന്നു.
Content Highlights: Iron rods found on rail tracks in Punjabs Bathinda