കാപ്ച ഇല്ല, ബുക്കിങ് തടസ്സപ്പെടില്ല, മിനിറ്റിൽ ഒരുലക്ഷം ടിക്കറ്റുകൾ; ഐആർസിടിസിയിലെ പുതിയ മാറ്റങ്ങൾ

#ന്യൂസ് ഡെസ്ക്

മുംബൈ: ടിക്കറ്റ് ബുക്കിങ് സമയങ്ങളിൽ യാത്രക്കാർ നേരിടുന്ന കടുത്ത തിരക്കും സർവീസ് തടസ്സങ്ങളും പരിഹരിക്കുന്നതിനായി അടിമുടി പരിഷ്‌കരിച്ച് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും. സെർവർ തകരാർ അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നവീകരണങ്ങളാണ് ഐആർടിസി നടപ്പാക്കുന്നത്. ബീറ്റ പതിപ്പിൽ ഈ മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

നെക്സ്റ്റ് ജനറേഷൻ ഇ-ടിക്കറ്റിംഗ് (NGET) പ്ലാറ്റ്ഫോമിന്റെ സെർവറുകൾ, സ്റ്റോറേജ്, നെറ്റ്വർക്കിംഗ്, സോഫ്റ്റ്വെയർ എന്നിവ നവീകരിക്കും. നിലവിൽ മിനിറ്റിൽ ഏകദേശം 37,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. പുതിയ പരിഷ്‌കരണത്തിലൂടെ ഇത് ഒരുലക്ഷമായി ഉയർത്താൻ സാധിക്കും. ഇതിനായി ഏകദേശം 150 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

വെബ്സൈറ്റിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിനായി സെക്കന്തരാബാദിൽ ഒരു പുതിയ ബാക്കപ്പ് ഡിസാസ്റ്റർ റിക്കവറി സംവിധാനം ഒരുക്കുന്നുണ്ട്. അതിനാൽ പ്രധാന സെർവറുകൾ പ്രവർത്തനരഹിതമായാലും തടസ്സമില്ലാതെ ബുക്കിങ് തുടരാം.

ബുക്കിങ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന അനാവശ്യമായ കാപ്ചകൾ (CAPTCHA), പോപ്പ്-അപ്പുകൾ, ഫ്‌ലാഷിംഗ് ഗ്രാഫിക്‌സ് എന്നിവ പുതിയ സംവിധാനത്തിൽ ഒഴിവാക്കും. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒറ്റയടിക്ക് ഒരു സ്ഥലത്ത് തന്നെ പരിശോധിക്കാനുള്ള സൗകര്യവുമുണ്ടാകും. യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്തുവെക്കാനുള്ള സൗകര്യം ഉള്ളതിനാൽ ഓരോ തവണയും വിവരങ്ങൾ ടൈപ്പ് ചെയ്യാതെ വളരെ വേഗത്തിൽ കുറഞ്ഞ ഘട്ടങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെവിദ്യാർത്ഥികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലെ നിർദ്ദേശങ്ങൾ കൂടി മുൻനിർത്തിയാണ് പുതിയ രൂപകൽപന തയാറാക്കിയിരിക്കുന്നത്.

Content Highlights: Ticket booking capacity increased from 37,000 to 1 lakh tickets per minute., Removal of annoying CAPTCHAs, pop-ups, and flashing graphics., New backup disaster recovery system in Secunderabad to prevent server crashes., Save passenger details in advance for faster checkout., Check seat availability across all classes in a single view.